നീങ്ങിത്തുടങ്ങിയ ട്രെയിനിൽനിന്ന് അമ്മയെയും മകളെയും ടിടിഇ പുറത്തേക്കു തള്ളിയിട്ടെന്ന് പരാതി

കോഴിക്കോട്: നീങ്ങിത്തുടങ്ങിയ ട്രെയിനിൽനിന്ന് അമ്മയെയും മകളെയും ടിടിഇ പുറത്തേക്കു തള്ളിയിട്ടതായി പരാതി. വീഴ്ചയിൽ അമ്മയുടെ കൈക്കു പരുക്കേറ്റു. കണ്ണൂർ പാപ്പിനിശേരി വെണ്ടക്കൻ വീട്ടിൽ ഫൈസലിന്റെ ഭാര്യ ശരീഫ, 17 വയസ്സുള്ള മകൾ എന്നിവരെയാണ് നേത്രാവതി എക്സ്പ്രസ് എസ്2 കോച്ചിൽ നിന്നു ടിടിഇ തള്ളിയിട്ടതായി റെയിൽവേ പൊലീസിൽ പരാതി നൽകിയത്.

ഇന്നലെ വൈകിട്ട് 6.25ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നാലാം പ്ലാറ്റ്ഫോമിലാണ് സംഭവം. കണ്ണൂരിലേക്കു പോകാനെത്തിയ കുടുംബത്തിനു ജനറൽ ടിക്കറ്റാണ് ലഭിച്ചത്. ജനറൽ കംപാർട്മെന്റിൽ തിരക്കായതിനാൽ ഭാര്യയെയും മകളെയും റിസർവേഷൻ കോച്ചിൽ കയറ്റി, മകനോടൊപ്പം ഫൈസൽ ജനറൽ കോച്ചിൽ കയറി. ട്രെയിൻ പുറപ്പെടുന്നതിനിടയിൽ ബഹളം കേൾക്കുകയും പുറത്തേക്കു നോക്കിയപ്പോൾ മകളെയും മറ്റു രണ്ടു കുട്ടികളെയും ടിടിഇ പ്ലാറ്റ്ഫോമിലേക്കു തള്ളിയിറക്കുന്നതായി കണ്ടു.

ഉടനെ മകനോടൊപ്പം ഫൈസൽ ട്രെയിനിൽനിന്ന് ഇറങ്ങി മകളെ പിടിച്ചു. ഇതിനിടയിൽ ഭാര്യയെയും പുറത്തേക്കു ഇറക്കി. വീഴ്ചയിൽ കൈക്കു പരുക്കേറ്റു. റെയിൽവേ സുരക്ഷാ സേന എത്തി പ്രാഥമിക അന്വഷണത്തിനു ശേഷം റെയിൽവേ പൊലീസിൽ എത്തിച്ചു.

തിരക്കിനിടയിൽ കുട്ടിയെയും ഭാര്യയെയും ടിടിഇ തള്ളിയിട്ടതാണെന്നും അന്വേഷിച്ച് ടിടിഇയ്ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് റെയിൽവേ പൊലീസിനു പരാതി നൽകി. ടിടിഇയോട് ഇന്നു സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ചു നടപടിയെടുക്കുമെന്നും റെയിൽവേ പൊലീസ് അറിയിച്ചു.

pathram desk 1:
Related Post
Leave a Comment