അച്ഛനും മകനും മരിച്ച സംഭവം: മൊബൈൽ വാങ്ങിയ കുടിശ്ശിക അടയ്ക്കാനായില്ലെന്ന് ആത്മഹത്യ കുറിപ്പ്

കോട്ടയം: മീനടം നെടുംപൊയ്കയിൽ അച്ഛനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ആത്മഹത്യാ കുറിപ്പ് പുറത്ത്. വായ്പയെടുത്തു വാങ്ങിയ മൊബൈൽ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി ജീവനക്കാർ നിരന്തരമായി ശല്യപ്പെടുത്തിയതു മൂലമാണു ജീവനൊടുക്കുന്നതെന്ന് കുറിപ്പിലുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. മീനടം വട്ടുകളത്തിൽ ബിനു (48), മകൻ ബി.ശിവഹരി (9) എന്നിവരെയാണ് ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയശേഷം ബിനു ജീവനൊടുക്കിയതാണെന്നു പൊലീസ് അറിയിച്ചു.

ആലാംപള്ളി പിവിഎസ് ഗവ. ഹൈസ്കൂളിലെ 3–ാം ക്ലാസ് വിദ്യാർഥിയാണു ശിവഹരി. ഇന്നലെ രാവിലെ 6നു വീട്ടിൽനിന്നു നടക്കാനിറങ്ങിയതാണു ബിനുവും ശിവഹരിയും. ഇവരുടെ വീട്ടിൽനിന്ന് 250 മീറ്റർ മാറി ആൾത്താമസമില്ലാത്ത മറ്റൊരു വീടുണ്ട്. അതിന്റെ വിറകുപുരയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ സ്വദേശിയുടേതാണു വീട്. ഈ വീട് നോക്കാനേൽപിച്ചിരുന്ന പ്രദേശവാസി രാവിലെ 8ന് എത്തിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്. രേഖയാണ് ഭാര്യ. ഇവർക്ക് ഒരു മകളുമുണ്ട്.

pathram desk 1:
Related Post
Leave a Comment