കർഷകന്റെ ആത്മഹത്യ: യഥാർത്ഥ കാരണക്കാർ ആര്..?

കൊച്ചി: ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്തതിന് കാരണക്കാർ തങ്ങളല്ലെന്ന് വാദിക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ. നെല്ല് സംഭരണത്തിലും അതിന്റെ നടപടി ക്രമങ്ങളും എങ്ങനെയാണെന്ന് നോക്കാം.
നെല്ല് സംഭരിച്ചതിനു പണം നൽകാൻ കർഷകരെ പാഡി റസീറ്റ് ഷീറ്റ് (പിആർഎസ്) വായ്പക്കെണിയിൽ പെടുത്തുന്നത് സർക്കാരിന്റെ വീഴ്ചയെന്നു രേഖകൾ കാണിക്കുന്നതായി ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നു.. നെല്ലു സംഭരിച്ച് അരിയാക്കി വിതരണം ചെയ്തതിന്റെ കണക്കുകൾ നൽകിയശേഷം കേന്ദ്ര സർക്കാരിൽനിന്നു പണം ലഭിക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നതാണ് പിആർഎസ് വായ്പ എടുക്കാനുള്ള കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെയും സപ്ലൈകോയുടെയും പിഴവുകളും സർക്കാരിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് പ്രശ്നമെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഒരു സാമ്പത്തികവർഷം ഏകദേശം 2200 കോടിയിലേറെ രൂപയാണു നെല്ലു സംഭരണത്തിനായി സർക്കാർ ചെലവഴിക്കേണ്ടി വരുന്നത്. സംഭരണ വിലയിൽ ഭൂരിഭാഗവും കേന്ദ്രം തരുന്നുണ്ട്. എന്നാൽ സംസ്ഥാന വിഹിതത്തിനായി ബജറ്റിൽ നീക്കിവയ്ക്കുന്ന തുക കുറയുന്നു. ഇതിൽതന്നെ നല്ലൊരു ഭാഗം ധനവകുപ്പ് അനുവദിക്കുന്നുമില്ല.

സംസ്ഥാന വിഹിതത്തിലെ 11 വർഷത്തെ കുടിശികയായി ആയിരം കോടിയോളം രൂപ ഭക്ഷ്യ പൊതുവിതരണ വകുപ്പിനു ധനവകുപ്പ് നൽകാനുണ്ട്. ഇതു മുഴുവൻ നൽകിയിരുന്നെങ്കിൽ ഇത്തവണത്തെ പിആർഎസ് വായ്പയെങ്കിലും ഒഴിവാക്കാമായിരുന്നുവെന്നു കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, 380 കോടി രൂപ മാത്രമാണ് ഇത്തവണ ഏറെ സമ്മർദങ്ങൾക്കു ശേഷം അനുവദിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബാങ്കിങ് കൺസോർഷ്യത്തിൽനിന്ന് 2500 കോടി രൂപയാണു നെല്ലു സംഭരണത്തിനായി സപ്ലൈകോ കടമെടുത്തതെങ്കിലും അതിൽ 1800 കോടി രൂപ മുൻകാല പിആർഎസ് വായ്പക്കുടിശിക അടയ്ക്കാൻ ചെലവിട്ടു. ഒരേ പദ്ധതിക്ക് ഒരേ ഈടിന്മേൽ രണ്ടു തരം വായ്പകൾ അനുവദനീയമല്ല എന്നതാണ് ഇതിനു കാരണമായി പറഞ്ഞത്. കൂടാതെ കാനറ, ഫെഡറൽ ബാങ്കുകളിൽനിന്നു നേരത്തേ ലഭിച്ച 600 കോടി രൂപയുടെ വർക്കിങ് ക്യാപിറ്റൽ ഡിമാൻഡ് വായ്പകളും ഇങ്ങനെ തിരിച്ചടച്ചു. 100 കോടി രൂപ മാത്രമാണു ബാക്കിയുണ്ടായിരുന്നത്. ഇതാണു കഴിഞ്ഞ സീസണിലെ പ്രതിസന്ധിക്കു കാരണം. ഇതു വകമാറ്റി ചെലവഴിച്ചതായി ധനവകുപ്പ് പിന്നീട് വിലയിരുത്തിയിരുന്നു.

കർഷകർക്കു വിലയായി നൽകുന്നത് പാഡി റസീറ്റ് ഷീറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പയാണെന്നു സർക്കാർ വാദിക്കുന്നുണ്ടെങ്കിലും കർഷകർ സർക്കാരിനു നൽകിയ നെല്ലിനെ ഈടുവച്ച് അവർക്കു തിരിച്ചു വായ്പ നൽകുന്നതിനു തുല്യമാണ് പിആർഎസ് വായ്പ. വ്യക്തിഗത വായ്പയ്ക്കു തുല്യമായ നടപടിക്രമങ്ങൾക്കു ശേഷമാണ് ഇതു നൽകുന്നത്. വായ്പയുടെ തിരിച്ചടവ് കൃത്യമായി നടത്തുന്നതിനാൽ കർഷകരുടെ സിബിൽ സ്കോറിനെ ബാധിക്കില്ലെന്നാണു സർക്കാരിന്റെയും ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെയും വാദം. പക്ഷേ, 2012 മുതൽ തുടർച്ചയായി കൃഷിക്കാരെ പിആർഎസ് വായ്പയുടെ വലയത്തിൽ തളച്ചിടുന്ന സംവിധാനമാണ് സർക്കാരും സപ്ലൈകോയും ഒരുക്കുന്നതെന്നു കർഷകരും സംഘടനകളും ആരോപിക്കുന്നു.

pathram desk 1:
Related Post
Leave a Comment