ജിയോ വേള്‍ഡ് പ്ലാസ- ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിങ് മാള്‍ മുംബൈയില്‍ നാളെ തുറക്കും

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിങ് മാള്‍ ഇനി മുംബൈയില്‍. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ജിയോ വേള്‍ഡ് പ്ലാസ നവംബർ 1ന് ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ തുറക്കും. 7,50,000 ചതുരശ്രയടിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഷോപ്പിങ് മാള്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആഡംബര ബ്രാന്‍ഡുകളുടെ മുന്‍നിര സ്റ്റോറുകളുമായാണ് എത്തുന്നത്. ഫൈന്‍-ഡൈനിങ് റസ്റ്റോറന്‍റുകളുടെ വലിയൊരു നിരയും ജിയോ വേള്‍ഡ് പ്ലാസയിലുണ്ടാകും.

ബുള്‍ഗരി, കാര്‍ട്ടിയര്‍, ലൂയി വുട്ടോണ്‍, വെര്‍സാഷേ, വലന്‍റിനോ, മനിഷ് മല്‍ഹോത്ര, പോട്ട്റി ബാണ്‍ എന്നിവയുള്‍പ്പെടെ നിരവധി ആഡംബര ബ്രാന്‍ഡുകളുടെ സ്റ്റോറുകള്‍ ജിയോ വേള്‍ഡ് പ്ലാസയിലുണ്ടാകും. ഇന്ത്യന്‍ വിപണിയില്‍ ബുള്‍ഗരി എന്ന ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡിന്‍റെ ആദ്യവരവാണിത്. നിലവില്‍ ഡിഎല്‍എഫ് എംപോറിയോ, ദി ചാണക്യ, യുബി സിറ്റി, ഫീനിക്സ് പലാഡിയം എന്നിവയുള്‍പ്പെടുന്ന ഏതാനും ആഡംബര ഷോപ്പിങ് മാളുകളാണ് ഇന്ത്യയിലുള്ളത്.

2023ല്‍ ഇതുവരെ ഇന്ത്യയുടെ ആഡംബര ഉത്പന്ന വിപണിയിലെ വരുമാനം 65,000 കോടി രൂപയിലെത്തിയിട്ടുണ്ട്. വിപണി പ്രതിവര്‍ഷം 1.38% വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ആഡംബര വാച്ചുകളും ആഭരണങ്ങളുമാണ് പ്രധാനമായും ഈ വിഭാഗത്തെ പ്രതിനിധീകരിക്കുന്നത്. ഇവയുടെ മാത്രം വില്‍പ്പന 2023ല്‍ 19,000 കോടി രൂപ വരും. 2023 അവസാനത്തോടെ മൊത്തം ആഡംബര വിപണി വരുമാനത്തിന്‍റെ 2.3% ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെയായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

pathram desk 2:
Related Post
Leave a Comment