നടി രഞ്ജുഷ മേനോന്റെ മരണം പിറന്നാൾ ദിനത്തിൽ; താമസം സുഹൃത്ത് മനോജുമൊത്ത്

കൊച്ചി: സിനിമ–സീരിയൽ നടി രഞ്ജുഷ മേനോന്റെ (35) മരണം പിറന്നാൾ ദിനത്തിൽ. ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിലെ മുറിയിൽ തിങ്കളാഴ്ച രാവിലെയാണ് രഞ്ജുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത് . സീരിയൽ രംഗത്തു പ്രവർത്തിക്കുന്ന സുഹൃത്ത് മനോജ് ശ്രീലകവുമായി ഒന്നിച്ചായിരുന്നു രഞ്ജുഷയുടെ താമസം എന്നു പൊലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ സീരിയൽ സംവിധാനവുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നു പോയെന്നും രാവിലെ 9.30 ആയിട്ടും രഞ്ജുഷ അഭിനയിക്കാൻ എത്താത്തതിനെ തുടർന്ന് ഫോൺ ചെയ്തപ്പോൾ എടുക്കാത്തതിനാൽ താൻ തിരിച്ചു വീട്ടിലേക്കു ചെന്നെന്നുമാണ് മനോജ് ശ്രീലകം ശ്രീകാര്യം പൊലീസിനു മൊഴി നൽകിയത്.

താമസിക്കുന്ന ഫ്ലാറ്റിലെ വാതിൽ പൂട്ടിയിരുന്നതിനാൽ താഴെയിറങ്ങി സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ ഏണി വച്ച് ഫ്ലാറ്റിന്റെ പിൻവശത്തുകൂടി കയറി വാതിൽ തുറന്നു നോക്കുമ്പോഴാണ് രഞ്ജുഷയെ മരിച്ച നിലയിൽ കണ്ടതെന്നും മനോജ് പൊലീസിനോടു പറഞ്ഞു. ഫാനിൽ നിന്നു നിലത്തിറക്കി പരിശോധിക്കുമ്പോൾ മരിച്ചിരുന്നു എന്നും മനോജ് മൊഴി നൽകി. പൊലീസ് എത്തി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം ഇന്നു നടക്കും. പറവൂർ കരുമാലൂർ ലക്ഷ്മി ഗോവിന്ദത്തിൽ രഞ്ജുഷ മേനോൻ രണ്ടു വർഷത്തിലേറെയായി കരിയത്തെ ഫ്ലാറ്റിലാണു താമസം. ഇരുപതിലധികം സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ചു.

സീരിയലിൽ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ചാനൽ അവതാരകയായാണു തുടക്കം. സ്ത്രീ എന്ന പരമ്പരയിലൂടെ മിനി സ്ക്രീനിൽ അഭിനയിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

ആനന്ദരാഗം, വരൻ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു വരികയായിരുന്നു. നക്ഷത്രദീപങ്ങൾ എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്നു. നർത്തകി കൂടിയായ രഞ്ജുഷ ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഭരതനാട്യത്തിൽ ബിരുദവും എടുത്തു. രഞ്ജുഷയ്ക്ക് രണ്ടാം ക്ലാസുകാരിയായ മകളുണ്ട്.

pathram desk 2:
Related Post
Leave a Comment