ഇസ്രായേൽ ചെയ്യുന്നത് അബദ്ധമെന്ന് ജോ ബൈഡൻ; ഗാസ ആക്രമണത്തെ അനുകൂലിക്കാത്തതിന് കാരണം…

വാഷിങ്ടൻ: ഇസ്രയേലിന്റെ ഗാസ ആക്രമണം വലിയ അബദ്ധമാകുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. ഹമാസുമായി യുദ്ധത്തിനു തയാറെടുത്ത ഇസ്രയേലിനെ പിന്തുണയ്ക്കുമ്പോഴും വ്യത്യസ്ത അഭിപ്രായം ജോ ബൈഡൻ പങ്കുവച്ചത് ശ്രദ്ധേയമാകുകയാണ്. വീണ്ടും ഗാസ മുനമ്പ് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം ‘വലിയ അബദ്ധം’ ആകുമെന്നു ബൈഡൻ പറഞ്ഞു. ഇസ്രയേൽ സേന കരയുദ്ധത്തിന് തയാറെടുക്കുമ്പോഴാണ് ബൈഡന്റെ പ്രസ്താവന.

അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രയേൽ ഗാസ പിടിച്ചെടുക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് സിബിഎസ് വാർത്താ ചാനലിന്റെ അഭിമുഖത്തിൽ ചോദിച്ചപ്പോൾ, ‘‘അതു വളരെ വലിയ അബദ്ധമാകുമെന്നാണു കരുതുന്നത്’’ എന്നായിരുന്നു ബൈഡന്റെ മറുപടി. ‘‘എല്ലാ പലസ്തീൻ ജനതയെയും ഹമാസ് പ്രതിനിധീകരിക്കുന്നില്ല. ഭീരുക്കളുടെ കൂട്ടമായ ഹമാസിനെ പൂർണമായും ഇല്ലാതാക്കണം. പലസ്തീൻ യാഥാർഥ്യമാക്കുന്നതിനു വഴിയൊരുക്കേണ്ടതുമുണ്ട്. തീവ്രവാദികളെ തുരത്തേണ്ടതും അത്യാവശ്യമാണ്.’’– ബൈഡൻ പറഞ്ഞു.

മിന്നലാക്രമണത്തിനു പിന്നാലെ ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചപ്പോൾ പൂർണ പിന്തുണ വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് യുഎസ്. ഗാസയ്ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ആസന്നമായിരിക്കെ, ജാഗ്രത പുലർത്തണമെന്ന സന്ദേശമാണു ബൈഡൻ നൽകുന്നതെന്നാണു വിലയിരുത്തൽ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സൗദിയിലെത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തി. തുടർന്ന് ഈജിപ്തിലേക്കുപോയ ബ്ലിങ്കൻ വീണ്ടും ഇസ്രയേലിലെത്തും. പശ്ചിമേഷ്യയിലാകെ യുദ്ധം വ്യാപിക്കാതിരിക്കാനാണ് യു.എസ്. ശ്രമിക്കുന്നതെന്നും വിലയിരുത്തലുണ്ട്.

pathram desk 1:
Related Post
Leave a Comment