ദുബായി ഫാമിലിയ്‌ക്കൊപ്പം പാര്‍ട്ടി നടത്തി മീര നന്ദനും പ്രതിശ്രുത വരന്‍ ശ്രീജുവും

ദുബായിലെ സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹനിശ്ചയത്തോടനുബന്ധിച്ച പാര്‍ട്ടി നടത്തി മീര നന്ദനും പ്രതിശ്രുത വരന്‍ ശ്രീജുവും. മീര തന്നെയാണ് ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എന്‍ഗേജ്‌മെന്റ് പാര്‍ട്ടി, ദുബായി ഫാമിലി, ബ്രൈഡ് ടു ബി, മൈ ദുബായി എന്നീ ഹാഷ്ടാഗുകളും വിഡിയോയ്ക്കൊപ്പം ചേര്‍ത്തിരുന്നു.

സെപ്റ്റംബറിലാണ് വിവാഹമെന്ന് മീര നന്ദന്‍ പറഞ്ഞിരുന്നു. നാട്ടില്‍വച്ച് സ്വകാര്യമായ ചടങ്ങിലാണ് വിവാഹനിശ്ചയം നടത്തിയതും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമയില്‍ നിന്നും കാവ്യ മാധവന്‍, ആന്‍ അഗസ്റ്റിന്‍, ശ്രിന്ദ എന്നിവരാണ് എത്തിയത്.

ശ്രീജുവാണ് മീരയുടെ വരന്‍. ലണ്ടനില്‍ ജനിച്ചു വളര്‍ന്ന ശ്രീജു അക്കൗണ്ടന്റാണ്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുകുടുംബവും പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനില്‍ നിന്ന് ദുബായില്‍ എത്തുകയായിരുന്നു. വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് മീര പറഞ്ഞിരുന്നു.

അവതാരകയായി കരിയര്‍ തുടങ്ങിയ താരമാണ് മീര. ദിലീപിന്റെ നായികയായി മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മീര മലയാളികളുടെ പ്രിയ നായികയായി. 2008 ലാണ് സിനിമാ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.

പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് റേഡിയോ ജോക്കിയായി ജോലി ചെയ്തുവരികയാണ് മീര ഇപ്പോള്‍.2017നുശേഷം ആറുവര്‍ഷത്തോളം മീര നന്ദന്‍ സിനിമയില്‍ അഭിനയിച്ചിരുന്നില്ല. ഈ വര്‍ഷം പുറത്തിറങ്ങിയ ‘എന്നാലും ന്റളിയാ’ എന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ മീര പ്രത്യക്ഷപ്പെട്ടിരുന്നു. കൊച്ചി എളമക്കര സ്വദേശിയാണ്.

pathram desk 1:
Related Post
Leave a Comment