അമ്മയെ മാത്രമല്ല പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കുന്നത്… 30 ശതമാനം അച്ഛന്‍മാരെയും ബാധിക്കും

അമ്മമാരെ മാത്രം ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന് വിചാരിച്ചാല്‍ തെറ്റി. അമ്മമാരെ മാത്രമല്ല ചിലപ്പോഴൊക്കെ അച്ഛന്മാരെയും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കാമെന്ന് പഠനം. കുഞ്ഞ് ജനിച്ച ശേഷം, 30 ശതമാനം അച്ഛന്മാര്‍ക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനു സമാനമായ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് ഇലിനോയ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ബിഎംസി പ്രെഗ്നന്‍സി ആന്‍ഡ് ചൈല്‍ഡ് ബര്‍ത്ത് ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച സമ്മര്‍ദവും ഭയവും ഉത്കണ്ഠയുമെല്ലാം പല അച്ഛന്മാരും അനുഭവിക്കാറുണ്ടെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ. സാം വെയ്ന്‍ റൈറ്റ് പറയുന്നു. ജോലിഭാരവും കുഞ്ഞിനെ നോക്കലും ബാലന്‍സ് ചെയ്തു കൊണ്ടു പോകുന്നതും പങ്കാളിയോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതും പല അച്ഛന്മാര്‍ക്കും വെല്ലുവിളിയും ഉയര്‍ത്താറുണ്ട്. എന്നാല്‍ ആരും ഇതിനെക്കുറിച്ച് തിരക്കാത്തതിനാല്‍ പല പുരുഷന്മാരും ഇതെല്ലാം നിശ്ശബ്ദം അനുഭവിക്കുകയാണ് പതിവെന്നും ഗവേഷകര്‍ പറയുന്നു.

പങ്കാളിയുടെ ഈ പ്രശ്നങ്ങള്‍ അമ്മമാരിലും പോസ്റ്റ് പാര്‍ട്ട് ഡിപ്രഷന്റെ സാധ്യത കൂട്ടാമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളുടെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ പോലെ ഈ വിഷാദത്തിന് ഹോര്‍മോണല്‍ മാറ്റങ്ങളുമായി ബന്ധമില്ല. ജീവിതക്രമത്തില്‍ വരുന്ന മാറ്റങ്ങള്‍, കുഞ്ഞ് ജനിക്കുന്നതോടു കൂടി വരുന്ന വര്‍ദ്ധിച്ച ഉത്തരവാദിത്തങ്ങള്‍, സാമ്പത്തിക ഞെരുക്കം, ലൈംഗിക ബന്ധത്തിന്റെ അഭാവം എന്നിവയെല്ലാം പുരുഷന്മാരുടെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. അച്ഛന്മാരില്‍ പത്തിലൊരാള്‍ക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകാമെന്നും ഇത് കുഞ്ഞിന്റെ മാനസികാരോഗ്യത്തെ ബാധിക്കാമെന്നും മുന്‍പ് നടന്ന ചില പഠനങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.

pathram desk 1:
Related Post
Leave a Comment