ഇടത്തരം സംരംഭങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിലെ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തി കേരളം. ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നത്. വ്യവസായ – വാണിജ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം മന്ത്രി പി.രാജീവ് മാസ്കോട്ട് ഹോട്ടലിൽ നിർവഹിച്ചു. എം.എസ്.എം.ഇകൾക്ക് ഇൻഷ്വറൻസ് പരിരക്ഷയുണ്ടാകേണ്ടത് പ്രധാനമാണെന്നും ഇതിനെക്കുറിച്ച് സംരംഭകരെ ബോധവാന്മാരാക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലധികം എം.എസ്.എം.ഇകൾ ഉണ്ടെങ്കിലും 15,000ൽ താഴെ മാത്രമെ ഏതെങ്കിലും ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമായിട്ടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻഷ്വറൻസ് പദ്ധതിക്ക് വേണ്ടിയുള്ള വെബ് പോർട്ടലും (http://msmeinsurance.industry.kerala.gov.in) മന്ത്രി പുറത്തിറക്കി. നാഷണൽ ഇൻഷുറൻസ്,​ ഓറിയന്റൽ ഇൻഷ്വറൻസ്,​ ന്യൂ ഇന്ത്യ അഷ്വറൻസ്,​ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് എന്നീ പൊതുമേഖലാ ഇൻഷ്വറൻസ് സ്ഥാപനങ്ങളുമായാണ് ധാരണാപത്രം ഒപ്പിട്ടത്.

അപേക്ഷിക്കേണ്ടത് ഇങ്ങനെ
2023 ഏപ്രിൽ ഒന്നിന് ശേഷമുള്ള കാലയളവിൽ, ഭാരത് സൂക്ഷ്മ/ലഘു ഉദ്യം സ്‌കീമിന് കീഴിൽ ഇൻഷ്വറൻസ് എന്റോൾ ചെയ്തിട്ടുള്ള എല്ലാ എം.എസ്.എം.ഇകൾക്ക് പദ്ധതിയിൽ ചേരാം.
ആനുകൂല്യം റീഇംബേഴ്സ്‌മെന്റ് രൂപത്തിൽ. വാർഷിക പ്രീമിയത്തിന്റെ 50% (പരമാവധി 2500 രൂപ)​ റീഇംബേഴ്സായി ലഭിക്കും. നാല് പൊതുമേഖലാ ഇൻഷ്വറൻസ് സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് വാർഷിക പ്രീമിയം മുഴുവൻ അടച്ച് എം.എം.എസ്.എം.ഇ ഇൻഷുറൻസ് പോളിസി വാങ്ങണം. തുടർന്ന് അതാത് ജില്ലാ വ്യവസായ കേന്ദ്രത്തിലേക്ക് ഓൺലൈൻ പോർട്ടൽ വഴി റീഇംബേഴ്സ്മെന്റിന് അപേക്ഷിക്കണം. അപേക്ഷയ്ക്കൊപ്പം ഉദ്യം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് പോളിസി രേഖ,​ പ്രീമിയം അടച്ച രസീത് എന്നിവയും സമർപ്പിക്കണം. ഡയറക്ടറേറ്റിൽ നിന്ന് റീഇംപേഴ്സ്‌മെന്റ് തുക (അടച്ച വാർഷിക പ്രീമിയത്തിന്റെ 50% അല്ലെങ്കിൽ 2500 രൂപ ഏതാണ് കുറവ്) കണക്കാക്കി എം.എസ്.എം.ഇ. യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.

pathram desk 1:
Related Post
Leave a Comment