മലയാളി താരങ്ങൾ തിളങ്ങി,​ റിലേയിൽ സ്വർണം,​ ഇന്ത്യ കുതിപ്പ് തുടരുന്നു

ഹാങ്ചോ∙ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽകൊയ്ത്ത് തുടരുന്നു. പുരുഷ റിലേയിൽ സ്വർണവും വനിതാ റിലേയിൽ വെള്ളിയും നേടി ഇന്ത്യ കുതിപ്പ് തുടരുകയാണ്. പുരുഷൻമാരുടെ 4–400 മീറ്റർ റിലേയിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, തമിഴ്നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം നേടിയത്. 3:01.58 സമയത്തിൽ ഓടിയെത്തി ദേശീയ റെക്കോർ‍ഡോടെയാണ് ഇന്ത്യൻ സംഘം സ്വർണം നേടിയത്.

ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പ് യോഗ്യതാ റൗണ്ടിൽ ഇതേ ടീം 2.59.92 മിനിറ്റിൽ ഫിനിഷ് ചെയ്തിരുന്നു. ഏഷ്യൻ റെക്കോർഡ് തകര്‍ത്ത പ്രക‍ടനമായിരുന്നു ഇത്. എന്നാൽ ബുഡാപെസ്റ്റിൽ നടന്ന ഫൈനലിൽ ഇന്ത്യ അഞ്ചാമതായാണു ഫിനിഷ് ചെയ്തത്. വനിതകളുടെ 4–400 മീറ്റർ റിലേയിൽ വിദ്യ, ഐശ്വര്യ, പ്രാചി, ശുഭ എന്നിവര്‍ വെള്ളി നേടി. പുരുഷൻമാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരം അവിനാഷ് സാബ്‍ലെയ്ക്കു വെള്ളി മെ‍ഡലുണ്ട്. ബഹ്‍റെയ്ൻ താരങ്ങള്‍ക്കാണ് ഈയിനത്തില്‍ സ്വർണവും വെങ്കലവും. നേരത്തേ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സ്വർണം നേടിയിരുന്നു.

വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരം ഹർമിലൻ‌ ബെയ്ൻസ് വെള്ളി നേടി. 2:03:75 മിനിറ്റിലാണ് ഹർമിലൻ ഫിനിഷ് ചെയ്തത്. 87 കിലോ പുരുഷ വിഭാഗം ഗുസ്തിയിൽ സുനിൽ കുമാർ വെങ്കലം നേടി. കിർഗിസ് താരത്തിനെതിരെ 2–1നാണ് സുനിൽ കുമാറിന്റെ വിജയം. പുരുഷ സിംഗിൾസ് സ്ക്വാഷിൽ സൗരവ് ഘോഷാൽ ഫൈനലിൽ കടന്നു.

pathram desk 1:
Leave a Comment