രമാദേവി കൊലക്കേസില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം വന്‍ വഴിത്തിരിവ് കൊന്നത് ഭര്‍ത്താവ് തന്നെ

പത്തനംതിട്ട: പുല്ലാട് രമാദേവി കൊലക്കേസില്‍ 17 വര്‍ഷങ്ങള്‍ക്കുശേഷം വന്‍ ട്വിസ്റ്റ്. രമാദേവിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് ജനാര്‍ദനന്‍ നായരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസില്‍ ജനാര്‍ദനന്‍ നായരെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.

2006 മേയ് 26-നാണ് റിട്ട. പോസ്റ്റ്മാസ്റ്റര്‍ ജനാര്‍ദനന്‍ നായരുടെ ഭാര്യ രമാദേവിയെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപത്തുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയായ നിര്‍മാണത്തൊഴിലാളി ചുടലമുത്തുവിനെയും ഇയാളുടെ ഭാര്യയെയും കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ പോലീസിന്റെ അന്വേഷണം.

കൊലപാതകത്തിന് പിന്നാലെ ചുടലമുത്തുവിനെയും ഭാര്യയെയും സ്ഥലത്തുനിന്ന് കാണാതായതാണ് ഇവരെ സംശയിക്കാനിടയാക്കിയത്. എന്നാല്‍, ഏറെനാളുകള്‍നീണ്ട അന്വേഷണത്തിലും ഇരുവരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഒടുവില്‍ മാസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടിലെ തെങ്കാശിയില്‍നിന്ന് ചുടലമുത്തുവിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ജനാര്‍ദനന്‍ നായരാണ് രമാദേവിയെ കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്.

ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് അന്വേഷണസംഘം അറിയിച്ചെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

pathram:
Related Post
Leave a Comment