ബിജെപിയോട് അടുക്കുന്നെന്ന് സൂചന; ബദല്‍ മുന്നണി നീക്കത്തില്‍ നിന്ന് കെസിആര്‍ പിന്നോട്ട്

ഹൈദരാബാദ്: വെള്ളിയാഴ്ച പട്‌നയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷകക്ഷികളുടെ യോഗത്തില്‍നിന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസ്. വിട്ടുനില്‍ക്കുന്നത് ബി.ജെ.പിയോട് അടുക്കുന്നതിന്റെ ഭാഗമായെന്ന് സൂചന. തെലങ്കാനയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് കൂടെ നടക്കാനിരിക്കെ ബി.ജെ.പിയോടുള്ള നിലപാട് മയപ്പെടുത്തിയതും സമീപകാലത്ത് കോണ്‍ഗ്രസിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നതും അഭ്യൂഹത്തിന് ശക്തിപകരുന്നു.

പ്രതിപക്ഷ ഐക്യത്തിന് മുന്നില്‍നിന്ന് ശ്രമം നടത്തുന്ന എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ ബി.ആര്‍.എസിനെ ബി.ജെ.പിയുടെ ബി ടീമെന്ന് അടുത്തിടെ വിമര്‍ശിച്ചിരുന്നു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ പ്രതിയാണ് ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബി.ആര്‍.എസ്. എം.എല്‍.സിയുമായ കെ. കവിത. ഇതും മാറി ചിന്തിക്കാന്‍ ചന്ദ്രശേഖര്‍ റാവുവിനെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന സൂചനയും വരുന്നുണ്ട്‌ . എന്നാല്‍, നേരത്തേ പ്രതീക്ഷിച്ചതുതന്നെയാണെന്ന് ഒരുവിഭാഗം രാഷ്ട്രീയനിരീക്ഷകള്‍ വിലയിരുത്തുന്നു.

നേരത്തെ ടി.ആര്‍.എസ്. ആയിരുന്ന കെ.സി.ആറിന്റെ പാര്‍ട്ടി, ബി.ആര്‍.എസ്. എന്ന് പേരുമാറ്റി ദേശീയപാര്‍ട്ടി മോഹങ്ങള്‍ സജീവമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ കാലുറപ്പിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടി ആരംഭിച്ചിരുന്നു. മഹാരാഷ്ട്രയില്‍ മറ്റുപാര്‍ട്ടികളിലെ നേതാക്കളേയും പ്രവര്‍ത്തകരേയും ലക്ഷ്യമിടുന്ന ബി.ആര്‍.എസ്. ബി.ജെ.പിയില്‍നിന്ന് വലിയ തോതിലുള്ള അടര്‍ത്തിമാറ്റലിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

മോദി വിരുദ്ധ കോണ്‍ഗ്രസ് രഹിത സഖ്യത്തിന് പലതവണ കെ. ചന്ദ്രശേഖര്‍ റാവു ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാള്‍, ഭഗവന്ത് മാന്‍, എം.കെ. സ്റ്റാലിന്‍, മമത ബാനര്‍ജി എന്നിവരുമായും പ്രതിപക്ഷത്തെ മറ്റ് പ്രധാനനേതാക്കളായ അഖിലേഷ് യാദവ്, ഉദ്ദവ് താക്കറെ എന്നിവരുമായും കെ.സി.ആര്‍. ചര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പി. വിരുദ്ധ- കോണ്‍ഗ്രസ് മുക്ത സഖ്യങ്ങള്‍ക്കായിരുന്നു ശ്രമമെങ്കിലും സ്റ്റാലിന്‍ അടക്കമുള്ളവര്‍ ഇത് സാധ്യമല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

pathram:
Leave a Comment