അഞ്ച് മാസത്തിനിടെ 45,000 എക്സൈസ് കേസുകൾ: 14 കോടിയുടെ മയക്കുമരുന്ന്; കൂടുതൽ എറണാകുളത്ത്,

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എക്സൈസ് രജിസ്റ്റർ ചെയ്തത് 2740 മയക്കുമരുന്ന് കേസുകൾ. 2023 ജനുവരി മുതല്‍ മെയ് വരെയുള്ള കാലത്ത് ആകെ 45,637 കേസുകൾ രജിസ്റ്റർ ചെയ്തതായും എക്സൈസ് വ്യക്തമാക്കി.

4.04 കിലോ എംഡിഎംഎ, 448 ഗ്രാം മെറ്റാഫിറ്റമിന്‍, 4.03 കിലോ ഹാഷിഷ് ഓയില്‍ എന്നിവ ഇക്കാലയളവില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 1184.93 കിലോ കഞ്ചാവും 1931 കഞ്ചാവ് ചെടികളും കണ്ടെടുത്തു. 2.727 ഗ്രാം എല്‍എസ്ഡി, 191.725 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 276 ഗ്രാം ഹെറോയിന്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. 14.66 കോടി രൂപയാണ് കസ്റ്റഡിയിലെടുത്ത മയക്കുമരുന്നിന്റെ ഏകദേശ മൂല്യമായി കണക്കാക്കുന്നത്. 578 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന കേസുകളിൽ 2726 പേര്‍ അറസ്റ്റിലായി.

8003 അബ്കാരി കേസുകളും 34,894 പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളും എടുത്തു. അബ്കാരി കേസുകളില്‍ 6926 പേര്‍ പിടിയിലായി. പൊലീസ്, വനം തുടങ്ങി മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 836 റെയ്ഡുകളും എക്‌സൈസ് ഇക്കാലയളവില്‍ നടത്തി.

മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ പിടിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ് (358 എണ്ണം), കുറവ് കാസര്‍ഗോഡും (31). മയക്കുമരുന്ന് കേസുകള്‍ ജനുവരി മാസത്തില്‍ 494-ഉം, ഫെബ്രുവരി- 520, മാര്‍ച്ച് -582, ഏപ്രില്‍ -551, മെയ് -585 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തത്.

മികച്ച എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. മയക്കുമരുന്നിനെതിരെ കൂടുതല്‍ ശക്തമായ നടപടികളുമായി എക്‌സൈസ് മുന്നോട്ടുപോവുമെന്ന് മന്ത്രി പറഞ്ഞു. അതിര്‍ത്തിയില്‍ കേരളാ എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ്(കെമു) ഉള്‍പ്പെടെ സാധ്യമാക്കി പട്രോളിംഗും പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍-കോളജ് പരിസരത്തും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാലയങ്ങളില്‍ കലാ-കായിക മികവ് വര്‍ധിപ്പിക്കാന്‍ ഉണര്‍വ് പദ്ധതിയും നടപ്പിലാക്കിവരുന്നു. വിപുലമായ ബോധവത്കരണ പരിപാടികളും വിമുക്തി മിഷന്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു

pathram desk 1:
Leave a Comment