കാസർകോട്ട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു: 6 ദിവസം, ഭക്ഷ്യവിഷബാധയേറ്റ് 2 മരണം

കാസർകോട് : സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം. കാസർകോട്ട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെൺകുട്ടി മരിച്ചു. കോളജ് വിദ്യാർഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതി(19) ആണ് മരിച്ചത്. കഴിഞ്ഞ 31ന് രാത്രി ഓൺലൈനിൽ ഓർഡർ ചെയ്ത കുഴിമന്തി കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. സഹോദരൻ ഉൾപ്പെടെ 4 പേർ കുഴിമന്തി കഴിച്ചിരുന്നു. ഇതിൽ സഹോദരൻ ഒഴികെ 3 പേർക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്.

പിറ്റേന്ന് അഞ്ജുശ്രീ ദേളിയിലെ സ്വകാര്യ ആശുപത്രിയിലെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ എഴുന്നേൽക്കാൻ പോലുമാകാത്തതിനാൽ ആദ്യം കാസർകോട്ടെയും പിന്നീട് മംഗളൂരുവിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാവിലെ അഞ്ചിനാണ് മരിച്ചത്. കാസർകോട് അടുക്കത്ത്ബയിലെ ഹോട്ടലിൽ നിന്നാണ് കുഴിമന്തി ഓർഡർ ചെയ്ത് വരുത്തിച്ചതെന്ന് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പെരുമ്പള അരീച്ചംവീട്ടിലെ പരേതനായ കുമാരൻ നായരുടെയും അംബികയുടെയും മകളായ അഞ്ജുശ്രീ, മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റും.

മംഗളൂരുവിലെ ആശുപത്രിയിൽനിന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം മേൽപറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷമാണ് പരിയാരത്തേക്കു മാറ്റുന്നത്. 6 ദിവസത്തിനിടെ 2 പേർ ഭക്ഷ്യവിഷബാധയേറ്റ് കേരളത്തിൽ മരിച്ചത് സർക്കാർ നടപടികൾ പ്രഹസനമാണെന്ന വിമർശനത്തിനു വഴിയൊരുക്കി.

pathram:
Leave a Comment