ഇനി വിദ്യാര്‍ഥിനികള്‍ക്കും 60 ദിവസം പ്രസവാവധി; സ്വന്തം ബാച്ചിനൊപ്പം പഠനം തുടരാം

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി ഇനി പരീക്ഷയെഴുതാന്‍ തടസ്സമാകില്ല. രണ്ടുമാസം വരെ പ്രസവാവധി അനുവദിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല പരീക്ഷ എഴുതാന്‍ തടസ്സംവരാത്തരീതിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി അനുവദിക്കുന്നതെന്ന് പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി.അരവിന്ദകുമാര്‍ പറഞ്ഞു.

സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ഡിഗ്രി, പി.ജി., ഇന്റഗ്രേറ്റഡ്, പ്രഫഷണല്‍ കോഴ്സുകള്‍ (നോണ്‍ ടെക്നിക്കല്‍) എന്നിവയിലെ 18 വയസ്സുകഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്കാണ് അറുപത് ദിവസത്തെ പ്രസവാവധി അനുവദിക്കുക. പ്രസവത്തിനു മുന്‍പോ ശേഷമോ ഈ അവധി എടുക്കാം. പൊതുഅവധി ദിവസങ്ങളും സാധാരണ അവധി ദിവസങ്ങളും ഉള്‍പ്പെടെയായിരിക്കും അവധിയുടെ കാലയളവ് കണക്കാക്കുക. ഗര്‍ഭഛിദ്രം, ഗര്‍ഭാലസ്യം, ട്യൂബക്ടമി തുടങ്ങിയ സാഹചര്യങ്ങളില്‍ 14 ദിവസത്തെ അവധി അനുവദിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ആര്‍. അനിത, ഡോ. എസ്. ഷാജില ബീവി, ഡോ. ബിജു പുഷ്പന്‍, ഡോ. ജോസ് എന്നിവരടങ്ങിയ കമ്മിഷനാണ് പ്രസവാവധി സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചത്.

വ്യവസ്ഥകള്‍ ഇങ്ങനെ

ആദ്യത്തെയോ രണ്ടാമത്തെയോ ഗര്‍ഭധാരണത്തിനു മാത്രമാണ് അവധി അനുവദിക്കുക. രജിസ്ട്രേറ്റ് മെഡിക്കല്‍ പ്രാക്ടീഷണറുടെ സാക്ഷ്യപത്രം ഹാജരാക്കുന്നവര്‍ക്ക് അവധി അനുവദിക്കാം. പ്രസവാവധി ആരംഭിക്കുന്ന തീയതിക്ക് കുറഞ്ഞത് മൂന്നുദിവസം മുന്‍പ് അപേക്ഷ നല്‍കണം. സെമസ്റ്ററിനിടയില്‍ പ്രസവ അവധി എടുക്കുന്നവരെ അതേ സെമസ്റ്ററിന്റെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കും. ഇതേ പരീക്ഷ അടുത്ത സെമസ്റ്ററില്‍ റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം സപ്ലിമെന്ററിയായി എഴുതാനാകും. ?പ്രസവാവധിക്കുശേഷം സ്വന്തം ബാച്ചിനൊപ്പം നിലവിലെ സെമസ്റ്ററില്‍ പഠനം തുടരാനാകും.

90 പ്രവൃത്തിദിനങ്ങളുള്ള ഒരു സെമസ്റ്ററില്‍ പരീക്ഷയെഴുതണമെങ്കില്‍ 75 ശതമാനം ഹാജര്‍ വേണമെന്നാണ് ചട്ടം. പി.ജി.ക്ക് പഠിക്കുന്ന പല വിദ്യാര്‍ഥിനികള്‍ക്കും ഗര്‍ഭകാലത്തും പ്രസവകാലത്തും ഹാജര്‍ നഷ്ടമായി പരീക്ഷയെഴുതാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. ഇത്തരത്തില്‍ പലര്‍ക്കും കോഴ്സ് മുഴുവനാക്കാന്‍ കഴിയാതെപോകുന്ന സാഹചര്യവുമുണ്ടായി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ തീരുമാനമെടുത്തത്.

ഗവേഷണത്തിന് പട്ടികവിഭാഗക്കാര്‍ക്ക് സംവരണം
:ഗവേഷണത്തിന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തും. എല്ലാ റിസര്‍ച്ച് ഗൈഡുമാരും ഒരു സീറ്റ് ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി ഒഴിച്ചിടണം. യോഗ്യരായ വിദ്യാര്‍ഥികള്‍ ഇല്ലെങ്കിലും ഒരുവര്‍ഷംവരെ ഒഴിവ് നിലനിര്‍ത്തണം. പിന്നീട് ഡോക്ടറല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കാം.

നിലവില്‍ വകുപ്പുകളില്‍ ഗവേഷണത്തിന് ഒഴിവുള്ള സീറ്റുകളില്‍ ഒരെണ്ണം ഈ രീതിയില്‍ സംവരണം ചെയ്യണം.

ഒഴിവില്ലാത്ത വകുപ്പുകളില്‍ ഇനിവരുന്ന ആദ്യത്തെ ഒഴിവ് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നീക്കിവെക്കണമെന്നും സിന്‍ഡിക്കേറ്റ് നിര്‍ദേശിച്ചു.

pathram:
Related Post
Leave a Comment