ദുരൂഹ മരണങ്ങളിലെല്ലാം ഡി.എന്‍.എ. പരിശോധന നടത്തണം; ഉദ്യോഗസ്ഥര്‍ക്ക് പോലീസ് മേധാവിയുടെ നിര്‍ദേശം

തിരുവനന്തപുരം: ദുരൂഹ മരണങ്ങളിലെല്ലാം ഡി.എന്‍.എ. പരിശോധന നടത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൊലപാതകം, അസ്വാഭാവിക മരണം, ബലാത്സംഗം എന്നിവയ്ക്കാണ് നിര്‍ദേശം ബാധകമാവുക

ഇത്തരം സംഭവങ്ങളില്‍ ആദ്യംതന്നെ ഡി.എന്‍.എ. പരിശോധന നടത്താത്തത് പിന്നീട് കേസന്വേഷണത്തെ ബാധിക്കും. ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് മേധാവി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. ലൈംഗികാതിക്രമ കേസുകളില്‍ ആരോഗ്യപരിശോധനയും ദുരൂഹമരണങ്ങളിലും കൊലപാതകങ്ങളിലും മൃതദേഹപരിശോധനയും നടത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നുവെന്നാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുമ്പോള്‍ കിട്ടുന്ന വസ്തുക്കള്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് അയക്കുകയോ ഇക്കാര്യം സയന്റിഫിക് ഓഫീസര്‍മാരോട് ആവശ്യപ്പെടുകയോ ചെയ്യാതിരിക്കുന്നതാണ് പ്രധാനവീഴ്ച. പിന്നീട് പരിശോധനകള്‍ ആവശ്യമായാല്‍ സാംപിളുകള്‍ ലഭ്യമാകാത്ത അവസ്ഥയുണ്ടാകും. ഇതൊക്കെ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഇതുകണക്കിലെടുത്താണ് പുതിയ നിര്‍ദേശം.

പരിശോധന നടത്തുമ്പോള്‍ മറ്റു വസ്തുക്കളുടെ സാന്നിധ്യം ഇരയുടെ ശരീരത്തില്‍നിന്നോ മൃതദേഹത്തില്‍നിന്നോ കിട്ടിയാല്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ഡി.എന്‍.എ. പരിശോധനയ്ക്ക് അയക്കണം. തുടര്‍ന്നുള്ള പരിശോധനകള്‍ക്കായി സൂക്ഷിക്കാന്‍ സാംപിള്‍ സയന്റിഫിക് ഓഫീസര്‍ക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ട്.

എല്ലാ സാംപിളുകളും ഡി.എന്‍.എ. പരിശോധനയ്ക്ക് വിടരുതെന്നും ആവശ്യമുള്ളവമാത്രം അയച്ചാല്‍ മതിയെന്നുമായിരുന്നു നേരത്തെയുണ്ടായിരുന്ന ഉത്തരവ്.

pathram:
Related Post
Leave a Comment