ബെംഗളുരു: ബെംഗളൂരുവില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ 67-കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഒരാഴ്ച മുമ്പ് കണ്ടെത്തിയ മൃതദേഹം ബെംഗളൂരുവിലെ വ്യവസായിയായ ബാലസുബ്രഹ്‌മണ്യന്റെതാണെന്ന് പോലീസ് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടുജോലിക്കാരിയായ 35-കാരിയും ഇവരുടെ ഭര്‍ത്താവും സഹോദരനുമാണ് അറസ്റ്റിലായത്.
പ്രതികളുടെ മൊഴിപ്രകാരം യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് ബാലസുബ്രഹ്‌മണ്യന്‍ മരിച്ചതെന്നാണ് പോലീസ് പറയുന്നത്. ലൈംഗിക ബന്ധത്തിനിടെ ഇയാള്‍ക്ക് അനക്കമില്ലാതായതോടെ കൊലക്കേസില്‍ പ്രതിയാകുമെന്ന് ഭയന്ന യുവതി ഭര്‍ത്താവിനേയും സഹോദരനേയും വിളിച്ചുവരുത്തി അവരുടെ സഹായത്തോടെ മൃതദേഹം ജെപി നഗറിലെ ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
നവംബര്‍ 16 മുതലാണ് ബാലസുബ്രഹ്‌മണ്യനെ കാണാതായത്. അന്നുവൈകീട്ട് പേരക്കുട്ടിയെ ബാഡ്മിന്റണ്‍ ക്ലാസില്‍ കൊണ്ടുവിടാന്‍ പോയതായിരുന്നു ബാലസുബ്രഹ്‌മണ്യന്‍. കുറച്ചുജോലിയുണ്ടെന്നും തിരിച്ചെത്താന്‍ വൈകുമെന്നും വീട്ടുകാരെ വിളിച്ചുപറഞ്ഞു. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടാതിരുന്നതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത ദിവസം ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്.
ബാലസുബ്രഹ്‌മണ്യന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതാണ് കേസില്‍ വഴിത്തിരിവായത്. യുവതിയുടെ വീട്ടില്‍ ഇയാള്‍ സ്ഥിരമായി സന്ദര്‍ശനം നടത്താറുണ്ടെന്ന് ഫോണ്‍ റെക്കോര്‍ഡുകള്‍ വഴിയാണ് പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ നവംബര്‍ 16-ന് വൈകീട്ട് ഇയാള്‍ യുവതിയുടെ വീട്ടിലെത്തിയതായും പോലീസ് കണ്ടെത്തി. ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റംസമ്മതിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം പോലീസ് തുടര്‍നടപടികളിലേക്ക് നീങ്ങും.
Leave a Comment