ശ്രീറാമിന് തിരിച്ചടി; നരഹത്യാ കുറ്റം ഒഴിവാക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരായ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയത് ചോദ്യംചെയ്ത സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയിലാണ് നടപടി. നേരത്തെ, കേസില്‍ ശ്രീറാമിനെതിരായ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം തിരുവനന്തപുരം സെഷന്‍സ് കോടതി ഒഴിവാക്കി നല്‍കിയിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം നല്‍കിയ ഹര്‍ജിയിലായിരുന്നു ഈ നടപടി. കേസിലെ തുടര്‍ വിചാരണയുമായി മുന്നോട്ടുപോകുന്നതിനാണ് ഹൈക്കോടതി ഇപ്പോള്‍ രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എത്തിയത്. ശ്രീറാമിനെതിരേ ചുമത്തിയ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്നും ഈ കുറ്റം കൂടി ചുമത്തിയുള്ള വിചാരണ വേണമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഈ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും തിരുവനന്തപുരത്തെ കോടതിയില്‍ നടക്കേണ്ട ഈ കേസിന്റെ തുടര്‍നടപടികള്‍ കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമതീരുമാനം എടുത്ത ശേഷമായിരിക്കും വിചാരണ നടപടികളിലേക്ക് കടക്കുക.

കേസുമായി ബന്ധപ്പെട്ട് ശ്രീറാമിനെതിരേ ചുമത്തിയ ഏറ്റവും പ്രധാനപ്പെട്ടതും ഗൗരവപൂര്‍ണവുമായ കുറ്റമാണ് മനഃപൂര്‍വമല്ലാത്ത നരഹത്യ. ഈ കുറ്റം ഒഴിവാക്കിയത് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ കോടതിയിലെത്തിയത്. സര്‍ക്കാര്‍ ഉന്നയിച്ച വാദത്തില്‍ നിയമപരമായ പരിശോധന ആവശ്യമാണ് എന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. ഇനി ഇതില്‍ വിശദമായ വാദം കേട്ട് തെളിവുകള്‍ പരിശോധിച്ച് തിരുവനന്തപുരം ജില്ലാ കോടതിയുടെ ഉത്തരവ് ശരിയാണോ അല്ലയോ എന്ന പരിശോധനയാണ് ഹൈക്കോടതിയില്‍ നടക്കുക. സര്‍ക്കാര്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെ കേസിലെ എതിര്‍കക്ഷികളായ ശ്രീരാം ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ശ്രീറാമിന്റെ അഭിഭാഷകന്റെ കൂടി വിശദമായ വാദം കേട്ട ശേഷമായിരിക്കും അന്തിമമായ തീര്‍പ്പിലേക്ക് കോടതി എത്തുക.

pathram:
Leave a Comment