തിര. കമ്മീഷണറുടെ നിയമനത്തില്‍ എന്തിന് തിടുക്കം ? സുപ്രീം കോടതി

ന്യൂഡല്‍ഹി: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ നീങ്ങിയത് മിന്നല്‍ വേഗത്തിലെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിരീക്ഷണം. എന്തിനാണ് ഈ തിടുക്കം കാട്ടിയതെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു. എന്നാല്‍ നിയമനവുമായി ബന്ധപ്പെട്ട വിചാരണ ഒഴിവാക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഭരണഘടന ബെഞ്ച് ഇന്നലെ നിര്‍ദേശിച്ചിരുന്നു. അറ്റോര്‍ണി ജനറല്‍ കോടതിക്ക് കൈമാറിയ ഫയല്‍ പരിശോധിച്ച ശേഷമാണ് ഭരണഘടന ബെഞ്ച് ഫയല്‍ മിന്നല്‍ വേഗത്തലാണ് നീങ്ങിയത് എന്ന് അഭിപ്രായപ്പെട്ടത്. അപേക്ഷ നല്‍കിയ ദിവസംതന്നെ ക്ലിയറന്‍സും, നിയമനവും നല്‍കിയെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അജയ് രസ്‌തോഗി അഭിപ്രായപ്പെട്ടു.

മേയ് 15 മുതല്‍ ഒഴിഞ്ഞു കിടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്കാണ് നവംബര്‍ 18-ന് നിയമനം നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. നവംബര്‍ പതിനെട്ടിനാണ് നിയമനവും ആയി ബന്ധപ്പെട്ട ഫയല്‍ തയ്യാറാക്കിയത്. അന്ന് തന്നെ അരുണ്‍ ഗോയലിന്റെ പേര് പ്രധാനമന്ത്രി ശുപാര്‍ശ ചെയ്യുന്നു. നിയമന ഉത്തരവും അന്നുതന്നെ പുറത്തിറക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ തിടുക്കം എന്തിനായിരുന്നുവെന്ന് കോടതി ചോദിച്ചു. അരുണ്‍ ഗോയലിന്റെ യോഗ്യത തങ്ങള്‍ ചോദ്യംചെയ്യുന്നില്ല. എന്നാല്‍ നിയമന രീതിയെ കുറിച്ചാണ് ചോദിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

നിയമനത്തിനായി നാല് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ പാനല്‍ കേന്ദ്രനിയമ മന്ത്രി തയ്യാറാക്കിയെന്നും ഇതില്‍ നിന്നാണ് അരുണ്‍ ഗോയലിനെ തെരെഞ്ഞെടുത്തതെന്നും അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി കോടതിയെ അറിയിച്ചു. എന്നാല്‍ പാനലിലേക്ക് എങ്ങനെയാണ് നാല് പേരെ തെരഞ്ഞെടുത്തതെന്ന് കോടതി ചോദിച്ചു. പാനലിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അരുണ്‍ ഗോയല്‍ എന്നും ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി. കൂടുതല്‍ കാലം പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതിനാല്‍ ആണ് അരുണ്‍ ഗോയലിനെ നിയമിച്ചത് എന്ന് അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കി

മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ നിയമനത്തില്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഭരണഘടന ബെഞ്ചിന് മുമ്പാകെ നടന്ന വാദം കേള്‍ക്കല്‍ അവസാനിച്ചു. ഹര്‍ജികള്‍ വിധി പറയാനായി ഭരണഘടന ബെഞ്ച് മാറ്റി

pathram:
Related Post
Leave a Comment