പട്ടാപ്പകല്‍ ഇരട്ടക്കൊല; ബന്ധുക്കളായ രണ്ടുപേരുടെ ജീവനെടുത്തത് ലഹരിസംഘം

തലശ്ശേരി: സി.പി.എം. പ്രവര്‍ത്തകരായ രണ്ടുപേരെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതിക്കായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. ലഹരിമാഫിയ സംഘത്തിന്റെ തലവനായ പാറായി ബാബുവിനായാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇയാളുടെ വീട്ടില്‍ ഉള്‍പ്പെടെ കഴിഞ്ഞദിവസം രാത്രി പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിവില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പാറയില്‍ ബാബുവെന്നാണ് പോലീസ് നല്‍കുന്നവിവരം.

തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തില്‍ പാറായി ബാബു അടക്കം നാല് പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ നവീന്‍, ജാക്‌സണ്‍, ഫര്‍ഹാന്‍ എന്നിവര്‍ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം.

ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു തലശ്ശേരിയെ നടുക്കിയ ഇരട്ടക്കൊലപാതകം. സി.പി.എം. പ്രവര്‍ത്തകരായ നെട്ടൂര്‍ ഇല്ലിക്കുന്ന് സ്വദേശികളായ കെ.ഖാലിദ്(52) പൂവനയില്‍ ഷമീര്‍(40) എന്നിവരെയാണ് തലശ്ശേരി സഹകരണ ആശുപത്രി പരിസരത്തുവെച്ച് വെട്ടിക്കൊന്നത്. ലഹരിമാഫിയ സംഘത്തെ ചോദ്യംചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

ലഹരിവില്‍പ്പന ചോദ്യംചെയ്തതിന് ഷമീറിന്റെ മകന്‍ ഷിബിലിനെ ബുധനാഴ്ച ഉച്ചയ്ക്ക് ഒരാള്‍ മര്‍ദിച്ചിരുന്നു. പരിക്കേറ്റ ഷിബിലിനെ ആശുപത്രിയില്‍ എത്തിച്ചതറിഞ്ഞത് ലഹരിസംഘത്തില്‍ ഉള്‍പ്പെട്ട ഒരാളും ഇവിടെയെത്തി. തുടര്‍ന്ന് പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് ഖാലിദ് അടക്കമുള്ളവരെ ആശുപത്രിക്ക് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് സംസാരിക്കുന്നതിനിടെയാണ് ലഹരിസംഘം വാഹനത്തില്‍ കരുതിയിരുന്ന കത്തിയുമായി ആക്രമണം നടത്തിയത്.

ഖാലിദിന്റെ കഴുത്തിനാണ് ആദ്യം വെട്ടേറ്റത്. തടയാന്‍ ശ്രമിച്ചപ്പോള്‍ ഷമീറിനെയും സുഹൃത്തായ ഷാനിബിനെയും അക്രമിസംഘം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഖാലിദിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍വെച്ചാണ് ഷമീര്‍ മരിച്ചത്. പരിക്കേറ്റ ഷാനിബ് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

pathram:
Related Post
Leave a Comment