ദോഹ: അര്‍ജന്റീനയ്ക്ക് പിന്നാലെ ലോകകപ്പ് പോരാട്ടത്തില്‍ ഏഷ്യന്‍ അട്ടിമറിയില്‍ വീണ്, നാലുതവണ ചാമ്പ്യന്മാരായ ജര്‍മനിയും. ജപ്പാനാണ് 2-1ന് ജര്‍മ്മനിയെ അട്ടിമറിച്ചത്. അര്‍ജന്റീനയുടേതുപോലെ പെനാല്‍ട്ടി ഗോളില്‍ ആദ്യപകുതിയില്‍ മുന്നിട്ടുനിന്ന ശേഷമായിരുന്നു ജര്‍മനിയുടേയും തോല്‍വി. മത്സരത്തിന്റെ രണ്ടാംപകുതിയിലെ ഇരട്ടഗോളിലൂടെ ജപ്പാന്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇല്‍കെ ഗുണ്ടോഗന്‍ ജര്‍മനിയുടെ ഗോള്‍ നേടിയപ്പോള്‍ ജപ്പാന്റെ ഗോളുകള്‍ റിറ്റ്‌സു ഡോന്‍, തകുമ അസാനോ എന്നിവരുടെ വകയായിരുന്നു.
അതേസമയം ഗ്രൂപ്പ് ഇയില്‍ മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ ജയം നേടി. എതിരില്ലാത്ത ഏഴുഗോളിനാണ് സ്‌പെയിന്‍ കോസ്റ്ററീക്കയെ തകര്‍ത്തത്. ഫെറാന്‍ ടോറസ് ഇരട്ടഗോള്‍ നേടിയപ്പോള്‍, ഡാനി ഒല്‍മോ, മാര്‍കോ അസെന്‍സിയോ, ഗാവി, കാര്‍ലോസ് സോളര്‍, അല്‍വാരോ മൊറാട്ട എന്നിവര്‍ സ്‌കോര്‍ ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബെല്‍ജിയം എതിരില്ലാത്ത ഒരു ഗോളിന് കാനഡയെ തോല്പിച്ചു. മിഷി ബാറ്റ്ഷുവായി സ്‌കോര്‍ ചെയ്തു. ബുധനാഴ്ചനടന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ മൊറോക്കോ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
ലോകകപ്പില്‍ അട്ടിമറികള്‍ അവസാനിക്കുന്നില്ല. അത്ഭുതങ്ങളും. വമ്പന്മാരുടെ മരണഗ്രൂപ്പായി മാറിയ ലോകകപ്പില്‍ ഇത്തിരിക്കുഞ്ഞന്മാരെന്ന കുത്തുന്ന പരിഹാസം കേട്ടവരുടെ അവിശ്വസനീയ കുതിപ്പും തുടര്‍ക്കഥയാവുകയാണ്. അര്‍ജന്റീനയുടെ തോല്‍വിയുടെ തനിയാവര്‍ത്തനം പോലെ മണ്ണ് തൊട്ട് ചങ്ക് തകര്‍ന്നിരിക്കുകയാണ് കൊമ്പുകുലുക്കി വന്ന ജര്‍മനിയും. ജപ്പാനോടാണ് ജര്‍മനിയുടെ ഞെട്ടുന്ന തോല്‍വി. അതും അര്‍ജന്റീനയെപ്പോലെ ആദ്യം ലീഡ് നേടിയശേഷം. അര്‍ജന്റീനയെ പോലെ ആദ്യം പെനാല്‍റ്റിയിലൂടെ ലീഡ് നേടിയത് ജര്‍മനി. മുപ്പത്തിമൂന്നാം മിനിറ്റില്‍ ഗുണ്ടോഗനിലൂടെ. എഴുപത്തിയഞ്ചാം മിനിറ്റില്‍ ഡൊവാനാണ് ഒന്നാന്തരമൊരു ഗോളിലൂടെ ജര്‍മനിയെ ഞെട്ടിച്ച് ജപ്പാനെ ഒപ്പമെത്തിച്ചത്. എട്ട് മിനിറ്റേ കാത്തുനില്‍ക്കേണ്ടിവന്നുള്ളൂ… അതിലും സുന്ദരമായ ഒരു ഗോള്‍ വലയിലാക്കി അസാനോ ജപ്പാന് അവിശ്വസനീയവും ആവേശോജ്വലവുമായ ജയം സമ്മാനിച്ചു.
അര്‍ജന്റീനയും ജര്‍മനിയും ഒന്നിനുപിറകെ ഒന്നായി കാലിടറിവീണ ലോകകപ്പില്‍ ഗോള്‍ കൊണ്ട് വസന്തം തീര്‍ത്തായിരുന്നു സ്‌പെയിനിന്റെ അരങ്ങേറ്റം. ഗ്രൂപ്പ് ഇയില്‍ കരുത്തിനും വേഗത്തിനും തന്ത്രത്തിനും ഒത്തൊരുമയ്ക്കും മുന്നില്‍ നിഷ്പ്രഭമായി പോയ കോസ്റ്ററീക്കയെ മടക്കമില്ലാത്ത ഏഴ് ഗോളിനാണ് സ്‌പെയിന്‍ ഭസ്മമാക്കിയത്. ആറ് പേര്‍ ചേര്‍ന്നാണ് ഏഴ് ഗോള്‍ നേടിയത് എന്നത് സ്‌പെയിനിന്റെ ടീം ഗെയിമിന്റെ കരുത്ത് വിളിച്ചറിയിക്കുന്നു. ഫെറാന്‍ ടോറസ് ഇരട്ടഗോള്‍ നേടി. ഡാനി ഓല്‍മോ, മാര്‍ക്കോ അസെന്‍സിയോ, ഗാവി, കാര്‍ലോസ് സോളര്‍, അല്‍വരോ മൊറാട്ട എന്നിവരാണ് കോസ്റ്ററീക്കയുടെ പെട്ടിയില്‍ ആണികള്‍ ഒന്നൊന്നായി അടിച്ചുകയറ്റിയത്. 11-ാം മിനിറ്റില്‍ തുടങ്ങിയ ഗോള്‍വര്‍ഷം സ്‌പെയിന്‍ 92-ാം മിനിറ്റ് വരെ തുടര്‍ന്നു. ലോകപ്പിന്റെ ചരിത്രത്തിലെ സ്‌പെയിനിന്റെ ഏറ്റവും വലിയ വിജയമാണിത്. ഇതാദ്യമായാണ് ഇവര്‍ ലോകകപ്പില്‍ ഏഴ് ഗോളടിച്ച് ജയിക്കുന്നത്. കിരീടം നേടിയ 2010ല്‍ പോലും അവര്‍ ആകെ എട്ട് ഗോളാണ് നേടിയത്. 1998ല്‍ ബള്‍ഗേറിയക്കെതിരേ നേടിയ 6-1 വിജയമാണ് ഇതുവരെയുള്ള അവരുടെ ഏറ്റവും വലിയ വിജയം.
സുവര്‍ണനിരയുമായി കളിക്കാനിറങ്ങിയ ബെല്‍ജിയത്തെ ആദ്യം വിറപ്പിച്ചെങ്കിലും പിന്നെ കീഴടങ്ങി കാനഡ. ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ ഇരു ടീമും പരസ്പരം മത്സരിച്ചപ്പോള്‍ മിച്ചി ബാറ്റ്ഷുവായിയുടെ ഏക ഗോളില്‍ ബെല്‍ജിയം മത്സരം സ്വന്തമാക്കുകയായിരുന്നു. ഫിനിഷിങ്ങിലെ പിഴവും ബെല്‍ജിയം ഗോള്‍ തിബോ കുര്‍ട്ടോയുടെ മികവുമാണ് കാനഡയ്ക്ക് തിരിച്ചടിയായത്. മത്സരം തുടങ്ങി ആദ്യ മിനിറ്റുകള്‍ക്ക് ശേഷം ആക്രമണപ്രത്യാക്രമണങ്ങള്‍ക്കാണ് അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയം സാക്ഷിയായത്. ഒരു ഭാഗത്ത് മിച്ചി ബാറ്റ്ഷുവായിയിലൂടെ ബെല്‍ജിയവും മറുഭാഗത്ത് ടയോണ്‍ ബുക്കാനന്‍, അള്‍ഫോണ്‍സോ ഡേവിസ്, ജൊനാഥന്‍ ഡേവിഡ് എന്നിവരിലൂടെ കാനഡയും ഗോള്‍മുഖങ്ങള്‍ ആക്രമിച്ച് കയറി. എന്നാല്‍ ഗോള്‍മാത്രം അകന്നുനിന്നു. മത്സരത്തിന്റെ ആദ്യ 10 മിനിറ്റിനുള്ളില്‍ തന്നെ കാനഡ മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ അല്‍ഫോണ്‍സോ ഡേവിസെടുത്ത പെനാല്‍റ്റി കിക്ക് രക്ഷപ്പെടുത്തി തിബോ കുര്‍ട്ടോ ബെല്‍ജിയത്തിന്റെ രക്ഷകനായി.
വീറുറ്റ മത്സരം കാഴ്ചവച്ച ക്രൊയേഷ്യയ്ക്കും മൊറോക്കോയ്ക്കും വലകുലുക്കാന്‍ ആയില്ല. അവസരങ്ങള്‍ എണ്ണിയെണ്ണി പാഴാക്കി ഒടുവില്‍ ഗോള്‍രഹിത സമനില കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു. കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ക്രൊയേഷ്യയെ സമനിലയില്‍ തളക്കാന്‍ കഴിഞ്ഞത് മൊറോക്കോയ്ക്ക് ആശ്വാസമാവും. ഫിനിഷിങ്ങിലെ പോരായ്മയ്ക്ക് ലൂക്ക മോഡ്രിച്ചും സംഘവും സ്വയം പഴിക്കുന്നുമുണ്ടാകും. സ്‌കോര്‍ലൈന്‍ സൂചിപ്പിക്കുന്നത് പോലെ വിരസമായിരുന്നില്ല മൊറോക്കോ ക്രൊയേഷ്യ മത്സരം. പന്ത് ഒരിക്കല്‍പോലും ഗോള്‍വല തൊട്ടില്ലെങ്കിലും ആവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല. അല്‍ ബയത്ത് സ്‌റ്റേഡിയത്തില്‍ ആര്‍ത്ത് വിളിക്കുന്ന കാണികള്‍ കൂടിയായപ്പോള്‍ മത്സരം ആവേശഭരിതമായി മാറി.
Leave a Comment