ശ്രീറാംവെങ്കിട്ടരാമനെതിരായ കേസ്; നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തിരുവനന്തപുരം ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യംചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഐ.പി.സി. 304 എ പ്രകാരം മനഃപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി നടപടിയെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുന്നത്.

ശ്രീറാം വെങ്കിട്ടരാമനെതിരെ 304 എ വകുപ്പ് നിലനില്‍ക്കുമെന്നും അത്തരത്തിലുള്ള അപകടമാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. ഇതിനു പുറമേ ജില്ലാ കോടതി ഉത്തരവിലെ പിശകുകളും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ വിചാരണയുമായി മുന്നോട്ടു പോകരുതെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

കേസില്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കോടതിയെ ശ്രീറാം സമീപിച്ചിരുന്നു. കുറ്റം നിലനിര്‍ത്തിയെങ്കിലും മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം അന്ന് കോടതി ഒഴിവാക്കി നല്‍കുകയായിരുന്നു. അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ വരും.

pathram:
Leave a Comment