കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വാഹനത്തെ അക്രമി കൊച്ചി നഗരത്തിലൂടെ നാലു കിലോമീറ്ററോളം പിന്തുടര്‍ന്നത് പോലീസിന് സംഭവിച്ച അതിഗുരുതരമായ സുരക്ഷാവീഴ്ച. കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടും ഒരു പോലീസ് വാഹനംപോലും ഇതിനിടയില്‍ ചീഫ് ജസ്റ്റിസിന്റെ സുരക്ഷയ്ക്കായോ അക്രമിയെ പിടികൂടാനായോ എത്തിയില്ല. സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും സംസ്ഥാന ആഭ്യന്തരവകുപ്പും റിപ്പോര്‍ട്ട് തേടും.
ഞായറാഴ്ച രാത്രി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ കൊച്ചി വിമാനത്താവളത്തില്‍നിന്ന് നഗരത്തിലെ ഔദ്യോഗിക വസതിയിലേക്ക് കാറില്‍ വരുന്നതിനിടെയായിരുന്നു സംഭവം. പൈലറ്റായുള്ള പോലീസ് ജീപ്പ് മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡില്‍നിന്ന് കൊച്ചി നഗരത്തിലേക്കുള്ള റോഡിലേക്ക് കയറുമ്പോഴാണ് സ്‌കൂട്ടറില്‍ എത്തിയ ഇടുക്കി സ്വദേശിയായ ടിജോ തോമസ് (34) പൈലറ്റ് വാഹനത്തിനും ചീഫ് ജസ്റ്റിസിന്റെ കാറിനും ഇടയിലായി കയറിയത്.
ചീഫ് ജസ്റ്റിസിനൊപ്പമുണ്ടായിരുന്നവര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കുകയും ചെയ്തു. ഇതിനുശേഷവും ടിജോ ചീഫ് ജസ്റ്റിസിന്റെ കാറിനെ പിന്തുടര്‍ന്നു.
ഹൈക്കോടതി ജങ്ഷനിലെത്തിയപ്പോള്‍പ്പോലും പോലീസ് വാഹനമെത്തിയില്ല. വി.ഐ.പി. സുരക്ഷയ്ക്കുപോലും പോലീസ് എത്താഞ്ഞത് അതിഗുരുതരമായാണ് വിലയിരുത്തുന്നത്. പോലീസ് മെസേജില്‍ ഉണ്ടായ പാളിച്ചമൂലമാണ് യഥാസമയം സുരക്ഷയൊരുക്കാന്‍ കഴിയാതിരുന്നതെന്ന് സൂചനയുണ്ട്.
Leave a Comment