പെൺസുഹൃത്തിന്റെ പിതാവിന്റെ ഭീഷണി; വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച എൻജിനീയറെ പോലീസ് രക്ഷിച്ചു

അടിമാലി: കാമുകിയുടെ പിതാവിന്റെ ഭീഷണിയെത്തുടർന്ന് കാമുകൻ ഒറ്റയ്ക്ക് പെട്ടിമുടിമലയുടെ മുകളിൽകയറി വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിമാലി പോലീസ് അവസരോചിതമായി ഇടപെട്ട് യുവാവിനെ ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.

എൻജിനിയറിങ് ബിരുദധാരിയും അടിമാലി സ്വദേശിയുമായ യുവാവ് വെള്ളത്തൂവൽ സ്വദേശിനിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പെൺകുട്ടിയുടെ പിതാവ്, യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഭയന്നുപോയ ഇദ്ദേഹം ശനിയാഴ്ച രാത്രി എട്ടോടെ, വിഷവും വാങ്ങി കൂമ്പൻപാറയിലെ 3600 അടി ഉയരത്തിലുള്ള പെട്ടിമുടിമലയിൽ കയറി.

വിവരം ഇദ്ദേഹത്തിന്റെ വീട്ടിലും അറിഞ്ഞു. ബന്ധുകൾ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. മൊബൈൽ ലൊക്കേഷൻ പെട്ടിമുടിയിലാണെന്ന് പോലീസ് കണ്ടെത്തി. പോലീസ് രാത്രി പത്തോടെ പെട്ടിമുടിയിലെത്തി. ഈ സമയം യുവാവ് അവശനിലയിലായിരുന്നു. ഉടൻതന്നെ എറണാകുളത്തെ ആശുപത്രിയിലെത്തിച്ചു. അപകടനില തരണംചെയ്തെന്ന് പോലീസ് പറഞ്ഞു.

pathram:
Related Post
Leave a Comment