മുകുന്ദനുണ്ണിയിൽ നിന്നും പുറത്ത് വരാൻ ഒരു ബിരിയാണി കഴിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്സ് നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത വിജയം മാധ്യമങ്ങളുമായി പങ്കുവെക്കാൻ ഇന്നലെ മുകുന്ദനുണ്ണി ടീം കൊച്ചിയിലെത്തിയിരുന്നു. ഇതിനിടയിലായിരുന്നു “ഒരു ബിരിയാണി കഴിച്ചാൽ തീരാവുന്ന പ്രശ്നമേ എനിക്കുള്ളൂ” എന്ന വിനീത് ശ്രീനിവാസന്റെ പ്രതികരണം.

നെഗറ്റീവ് റോളുകൾ ചെയ്യുന്ന താരങ്ങൾക്ക് പൊതുവെ അതിൽ നിന്നും പുറത്ത് വരാൻ സമയമെടുക്കേണ്ടി വരാറുണ്ട് എന്ന് പലരും പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ മുകുന്ദനുണ്ണിയിൽ നിന്നും പുറത്ത് വരാൻ സമയമെടുക്കേണ്ടി വന്നിട്ടുണ്ടോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു വിനീത് രസകരമായ ഈ മറുപടി നൽകിയത്.

“മുകുന്ദനുണ്ണിയുടെ നെഗറ്റീവ് ഒരു ബിരിയാണി കഴിച്ചാൽ തീരാവുന്ന പ്രശ്നമായിരുന്നു. എനിക്ക് ഞാൻ അഭിനയിക്കുന്ന കഥാപാത്രങ്ങളിൽ നിന്ന് പുറത്ത് വരാൻ എളുപ്പമാണ്. എന്നാൽ ഞാൻ സംവിധാനം ചെയ്യുന്ന സിനിമകളിലെ കഥാപാത്രത്തിൽ നിന്ന് പുറത്ത് കടക്കാൻ കുറച്ച് പ്രയാസമാണ്” എന്ന് വിനീത് പ്രതികരിച്ചു.

നവാഗതനായ അഭിനവ് സുന്ദർ നായകാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡാർക്ക് കോമഡി, ഡ്രാമ, ത്രില്ലർ വിഭാഗങ്ങളിലെല്ലാം ഉൾപ്പെടുത്താവുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്. പി ആർ ഒ ആതിര ദിൽജിത്ത് ആണ്. നവംബര്‍ 11 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്.

pathram:
Related Post
Leave a Comment