പ്രചാരണത്തിനിറങ്ങുന്ന ഭാരവാഹികൾ പദവി ഒഴിയണം -കോൺഗ്രസ്

ന്യൂഡൽഹി: അധ്യക്ഷ തിരഞ്ഞെടുപ്പിന് സ്ഥാനാർഥികൾക്കായി പ്രചാരണത്തിനിറങ്ങുന്ന പാർട്ടി ഭാരവാഹികൾ പദവിയൊഴിയണമെന്ന് കോൺഗ്രസ് മാർഗരേഖയിറക്കി.

സംസ്ഥാന, ദേശീയ തലത്തിലുള്ള ഭാരവാഹികൾ മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടിയോ ശശി തരൂരിനു വേണ്ടിയോ പ്രചാരണം നടത്തരുത്. അങ്ങനെ ചെയ്യണമെങ്കിൽ അവർ ഭാരവാഹിത്വം ഒഴിയണം. മധുസൂദൻ മിസ്ത്രി അധ്യക്ഷനായ തിരഞ്ഞെടുപ്പ് അധികാരസമിതിയാണ് ഒക്ടോബർ 17-ന് നടക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിനായി മാർഗരേഖയിറക്കിയത്.

സംസ്ഥാനങ്ങളിൽ പ്രചാരണത്തിനെത്തുന്ന സ്ഥാനാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ അവിടുത്തെ കോൺഗ്രസ് അധ്യക്ഷന് ചെയ്തുനൽകാം. എന്നാൽ, സ്ഥാനാർഥികൾക്കായി പി.സി.സി. അധ്യക്ഷൻ സ്വന്തം നിലയ്ക്ക് യോഗം വിളിക്കരുത്. സ്ഥാനാർഥിയെ നിർദേശിച്ചവരും പിന്തുണച്ചവരുമാണ് അത് ചെയ്യേണ്ടത്. ഏതെങ്കിലും സ്ഥാനാർഥിക്കെതിരേ മോശമായ പ്രചാരണങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മാർഗരേഖയിൽ പറഞ്ഞു.

pathram:
Related Post
Leave a Comment