ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി; യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ പ്രാബല്യത്തിൽ

ദുബായ് : യു.എ.ഇ.യിലെ പുതിയ വിസചട്ടം തിങ്കളാഴ്ച പ്രാബല്യത്തിൽവന്നു. യു.എ.ഇ. യിലേക്കുള്ള എല്ലാ വിസിറ്റ് വിസകളും സിംഗിൾ, മൾട്ടിപ്പിൾ എൻട്രി സൗകര്യങ്ങളോടെ ഇനി ലഭ്യമാകും. നേരത്തേ 30 ദിവസം, 90 ദിവസം എന്നീ കാലാവധിയിലായിരുന്നു സന്ദർശകവിസകൾ അനുവദിച്ചിരുന്നത്. ഇനി സന്ദർശകവിസയുടെ കാലാവധി 60 ദിവസമായിരിക്കും.

രാജ്യത്ത് സന്ദർശകനായെത്തുന്ന ഒരാൾക്ക് ബന്ധുവോ സുഹൃത്തോ ആയി ഒരു യു.എ.ഇ. പൗരനോ അല്ലെങ്കിൽ യു.എ.ഇ. യിലെ സ്ഥിരതാമസക്കാരനോ ഉണ്ടെങ്കിൽ എൻട്രി പെർമിറ്റിന് അപേക്ഷിക്കാം. ഇതിന് സ്പോൺസർ ആവശ്യമില്ല. കൂടുതൽ പേരെ യു.എ.ഇ. യിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിസചട്ടങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്

തൊഴിൽ അന്വേഷിക്കാനായി സ്പോൺസറുടെ ആവശ്യമില്ലാത്ത പ്രത്യേകവിസകളും അനുവദിക്കും. യു.എ.ഇ. മാനവ വിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്കിൽ തലങ്ങളിൽ വരുന്ന ജോലികൾക്കായാണ് ഈവിസ അനുവദിക്കുക. ഒപ്പം ലോകമെമ്പാടുമുള്ള മികച്ച 500 സർവകലാശാലകളിൽനിന്ന് പുറത്തിറങ്ങുന്ന തൊഴിൽ പരിചയമില്ലാത്ത ബിരുദധാരികൾക്കും ജോലികണ്ടെത്താനുള്ള വിസ ലഭിക്കും. അഞ്ചുവർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസകൾക്കും സ്പോൺസർ ആവശ്യമില്ല. രാജ്യത്ത് 90 ദിവസം വരെ തുടർച്ചയായി താമസിക്കാൻ ഈ വിസകളിൽ അനുമതിയുണ്ടാകും. ഇത് ആവശ്യമെങ്കിൽ പിന്നീട് 90 ദിവസത്തേക്കുകൂടി നീട്ടുകയുംചെയ്യാം. എന്നാൽ ഒരുവർഷം 180 ദിവസത്തിൽ കൂടുതൽ യു.എ.ഇ. യിൽ താമസിക്കാനാവില്ല. 4000 ഡോളറിന് (ഏകദേശം 3,26,00 രൂപ) തുല്യമായ ബാങ്ക് ബാലൻസ് ഉണ്ടെന്ന് തെളിയിക്കണം. പ്രവാസികൾക്ക് ആൺമക്കളെ 25 വയസ്സുവരെ സ്വന്തം സ്പോൺസർഷിപ്പിൽ കൂടെ താമസിപ്പിക്കാം. നേരത്തേ ഇത് 18 വയസ്സായിരുന്നു. അവിവാഹിതരായ പെൺമക്കളെ പ്രായപരിധിയില്ലാതെ തന്നെ സ്വന്തം സ്പോൺസർഷിപ്പിൽ താമസിപ്പിക്കാനുമാവും. ഭിന്നശേഷിക്കാരായ കുട്ടികളെയും പ്രായപരിധി പരിഗണിക്കാതെ സ്പോൺസർചെയ്യാം. ഗ്രീൻ റെസിഡൻസിയിലൂടെ അടുത്ത ബന്ധുക്കളെയും സ്പോൺസർഷിപ്പിൽ കൊണ്ടുവരാം.

ഗോൾഡൻ വിസ ചട്ടങ്ങളിലും ഇളവ്

ഗോൾഡൻ വിസ ലഭിക്കാൻ ആവശ്യമായിരുന്ന മിനിമം മാസശമ്പളം 50,000 ദിർഹം (ഏകദേശം 11,10,000 രൂപ) എന്നത് 30,000 ദിർഹം( ഏകദേശം 6,66,000 രൂപ) ആയി കുറച്ചിട്ടുണ്ട്. മെഡിസിൻ, സയൻസ്, എൻജിനിയറിങ്, ഐ.ടി., ബിസിനസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ, എജ്യുക്കേഷൻ, നിയമം, കൾച്ചർ ആൻഡ്‌ സോഷ്യൽ സയൻസ് തുടങ്ങിയ മേഖലകളിൽനിന്നുള്ളവർക്ക് ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം.

ഇവർക്ക് യു.എ.ഇ.യിൽ സാധുതയുള്ള തൊഴിൽ കരാർ ഉണ്ടാവണം. ഒപ്പം യു.എ.ഇ. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്നും രണ്ടും തലത്തിലുള്ള ജോലികൾ ചെയ്യുന്നവർ ആയിരിക്കുകയും വേണം. 4.44 കോടി രൂപ മൂല്യമുള്ള വസ്തുവകകൾ സ്വന്തമാക്കിയാൽ നിക്ഷേപകർക്ക് യു.എ.ഇ. യിൽ ഗോൾഡൻ വിസ ലഭിക്കും. ചില പ്രത്യേക പ്രാദേശിക ബാങ്കുകളിൽനിന്ന് ലഭിക്കുന്ന വായ്പയും ഇതിനായി എടുക്കാൻ അനുമതിയുണ്ട്. ഗോൾഡൻ വിസയുള്ളവർക്ക് പ്രായപരിധിയില്ലാതെ തന്നെ മക്കളെ സ്പോൺസർ ചെയ്യാം. ഒപ്പം എത്ര പേരെ വേണമെങ്കിലും സപ്പോർട്ട് സ്റ്റാഫായി സ്പോൺസർ ചെയ്യാം. ആറ് മാസത്തിലധികം യു.എ.ഇ. ക്ക് പുറത്ത് താമസിച്ചാലും ഈ വിസകൾക്ക് പ്രശ്നമുണ്ടാവില്ല.

ഗ്രീൻ വിസ പ്രൊഫഷണലുകൾക്ക് സ്പോൺസർ ആവശ്യമില്ലാതെ അഞ്ച് വർഷം യു.എ.ഇ. യിൽ താമസിക്കാം. സാധുതയുള്ള തൊഴിൽ കരാറും ഒപ്പം കുറഞ്ഞത് 3,33,000 രൂപ ശമ്പളവും ഉണ്ടായിരിക്കണം. ഫ്രീലാൻസർമാർക്കും നിക്ഷേപകർക്കും ഈ വിസയ്ക്ക് അപേക്ഷ നൽകാം. വിസയുടെ കാലാവധി കഴിഞ്ഞാൽ നേരത്തെ 30 ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു വ്യവസ്ഥയെങ്കിൽ പുതിയ മാറ്റങ്ങൾ പ്രകാരം രാജ്യം വിടാൻ ആറ് മാസത്തെ കാലാവധി ലഭിക്കും. എന്നാൽ, എല്ലാത്തരം വിസകൾക്കും ഇത് ബാധകമാണോയെന്ന് വ്യക്തമല്ല

pathram:
Related Post
Leave a Comment