തൃപ്പൂണിത്തുറയില്‍ യുവതി ട്രെയിന്‍ ഇടിച്ചു മരിച്ച സംഭവം: കാമുകന്‍ അറസ്റ്റില്‍

തൃപ്പൂണിത്തുറ: റെയില്‍വേ മേല്‍പാലത്തിനു സമീപം ഇടുക്കി പൂപ്പാറ സ്വദേശിനി ട്രെയിന്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ യുവതിയുടെ കാമുകന്‍ അറസ്റ്റില്‍. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വിഷ്ണു(23) നെയാണ് ഹില്‍പാലസ് ഇന്‍സ്പെക്ടര്‍ വി.ഗോപകുമാറും സംഘവും അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസം 15 നാണ് കേസിനാസ്പദമായ സംഭവം. തൃപ്പൂണിത്തുറ റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു സമീപം രാത്രി 12.30 ഓടെയാണ് ട്രെയിന്‍ ഇടിച്ചു മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

കാക്കനാട് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തുവന്നിരുന്ന യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

സംഭവദിവസം രാത്രി 10.30 ഓടെ ചാത്താരിയിലുള്ള അപ്പാര്‍ട്ടുമെന്റില്‍ വെച്ച് യുവതിക്ക് മദ്യം നല്‍കിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും അതിനെതുടര്‍ന്നാണ് ആത്മഹത്യയെന്നും പോലീസ് പറഞ്ഞു. മദ്യപിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അക്രമം നടത്തിയതിന് പ്രതിക്കെതിരേ നിലവില്‍ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

തൃക്കാക്കര അസി. പോലീസ് കമ്മീഷണര്‍ പി.വി.ബേബി നേതൃത്വം നല്‍കിയ അന്വേഷണസംഘത്തില്‍ ഇന്‍സ്പെക്ടര്‍ വി.ഗോപകുമാര്‍, എസ്.ഐമാരായ എം.പ്രദീപ്, കെ.എസ്.രാജന്‍ പിള്ള, എ.എസ്.ഐമാരായ രാജീവ്നാഥ്, എം.ജി സന്തോഷ്, സതീഷ് കുമാര്‍, എസ്.സി.പി.ഒ ശ്യാം.ആര്‍ മേനോന്‍, സി.പി.ഒ ലിജിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

pathram:
Related Post
Leave a Comment