സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം; ഗവര്‍ണറുടേത് ജനാധിപത്യ വിരുദ്ധമായ കൈവിട്ട കളി: കോടിയേരി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സ്ഥാപിത താല്‍പര്യക്കാര്‍ക്ക് ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെ എന്തുവില കൊടുത്തും സംരക്ഷിക്കും. സര്‍ക്കാര്‍ നല്ല നിലയിലാണ് മുന്നോട്ടുപോകുന്നത്. പ്രകടന പത്രികയിലെ 900 നിര്‍ദേശങ്ങളില്‍ 758 എണ്ണവും തുടങ്ങിവയ്ക്കാനായെന്നും സംസ്ഥാന സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ കോടിയേരി പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ ഗുരുതരമായ വിമര്‍ശനമാണ് കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി.

ഗവര്‍ണറുടെ ഇടപെടലുകള്‍ ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തും. ഗവര്‍ണറുടെത് ബോധപൂര്‍വ്‌വമായ കൈവിട്ടുള്ള കളിയാണെന്ന് തോന്നുന്നു. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാരെ ഉപയോഗിച്ചാണ് അട്ടിമറിച്ചിരിക്കുന്നത്. ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാതെ മാറ്റിവച്ചത് ദുരൂഹമാണ്. ഇത്തരമൊരു സമീപനം കേരളത്തില്‍ പരിചിതമല്ലാത്തതാണ്.

കേന്ദ്ര നടപടികള്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ്. കിഫ്ബി പോലെയുള്ള പദ്ധതികളെ തകര്‍ത്ത് വികസന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമാണ് തോമസ് ഐസക്കിനെതിരെ ഇ.ഡി നോട്ടീസ് അയച്ചത്. കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം തന്നെ ഇത്തരം വിഷയങ്ങളില്‍ ഇടപെടുകയാണ്. വ്യക്തിപരമായ വിവരങ്ങള്‍ അടക്കം ഇ.ഡി അനേ്വഷിക്കുകയാണ്. ഇതില്‍ ഹൈക്കോടതി ശരിയായ ഇടപെടല്‍ നടത്തി. എല്ലാ സ്ഥലത്തും ഇ.ഡി കടന്നുകയറി ഇടപെടുന്നു. ആരെയും എന്തും ചെയ്യാം എന്ന നിലപാടിലാണ്. േസാണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ ഉള്‍പ്പെടെ രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം സംസ്ഥാനത്തിന്റെ വികസനത്തിന് മുന്നോട്ടുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. റവന്യൂ ഗ്രാന്റില്‍ 6717 കോടി രുപയുടെ കുറവുണ്ടായി. ജിഎസ്ടി നഷ്ടം 12,000 കോടി രൂപ വരും. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതിന് തടസ്സമാണ്. വായ്പ പരിധി കുറച്ചതിനാല്‍ 3600 കേടി നഷ്ടപ്പെടും. സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കടമെടുപ്പില്‍ 14,000 കോടിയുടെ കുറവുണ്ടായി.

വിഴിഞ്ഞം പദ്ധതി പോലെയുള്ള വികസന പദ്ധതികള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുക എന്ന നിലയിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീങ്ങുന്നത്. ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭണം സംഘടിപ്പിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുന്നു. മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനു നടപടികള്‍ സ്വീകരിക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തികരിക്കാന്‍ പറ്റാത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധ കെടുക്കണമെന്ന് സംസ്ഥാന സമിതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ എല്ലാവരുടേയുമാണ്. എല്ലാവര്‍ക്കും നീതി എന്നതാണ് ലക്ഷ്യം. ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ആവിഷ്‌കരിക്കണം. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഇന്ന സംസ്ഥാന സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.

സംഘടനാ പ്രവര്‍ത്തന രംഗത്തെ കൂടുതല്‍ ഊര്‍ജിതമാക്കും. മാധ്യമ രംഗത്തെ ഇടപെടല്‍ ഊര്‍ജിതമാക്കും. ദേശാഭിമാനിയുടെ കോപ്പി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.

ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് എല്ലാ ബ്രാഞ്ച് കമ്മിറ്റികളിലും പതാക ഉയര്‍ത്തു. ഭരണഘടനയുടെ ആമുഖം വായിക്കും.

മന്ത്രിമാരുടെ പ്രവര്‍ത്തനം സംസ്ഥാന സമിതി വിലയിരുത്തി. മന്ത്രിമാരെ മാറ്റുന്ന കാര്യം സിപിഎമ്മിന്റെ പരിഗണനയിലില്ല. മന്ത്രിമാര്‍ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കരുത്. യാത്രകള്‍ ചെയ്യണം. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കരുത്. ജനങ്ങളിലേക്ക് ഇറങ്ങണം. ആഭ്യന്തര വകുപ്പിനെയും പോലീസിനെയും പറ്റി വിമര്‍ശനങ്ങളുണ്ടാകും. അത് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്.

സിനിമ പോസ്റ്ററിന്റെ പേരില്‍ സിനിമ ബഹിഷ്‌കരിക്കുന്നത് സിപിഎമ്മിന്റെ അഭിപ്രായമല്ല. ഫെയ്‌സ്ബുക്കില്‍ വരുന്ന അഭിപ്രായമൊന്നും സിപിഎമ്മിന്റെ അല്ല. പോസ്റ്ററിന്റെ പേരില്‍ സിനിമയ്്ക്ക് കളക്ഷന്‍ കൂടി കാണുമെന്നും അദ്ദേഹംപറഞ്ഞു.

കെ.ടി ജലീല്‍ കശ്മീരിനെ കുറിച്ച് നടത്തിയ ഫെയ്‌സ്ബുക്ക് പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ വായിച്ചിട്ടില്ലെന്നും വായിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മറുപടി.

ഇ.ഡിക്കെതിരെ യോജിച്ചുള്ള സമരത്തിന് കോണ്‍ഗ്രസ് തയ്യാറാണെങ്കില്‍ സിപിഎമ്മും തയ്യാറാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

pathram:
Leave a Comment