പ്രകൃതിചികിത്സയിലൂടെ സുഖപ്രസവം വാഗ്ദാനം; കുഞ്ഞ് മരിച്ചു,

മലപ്പുറം: മൂന്നു പ്രസവങ്ങൾക്കും ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീക്ക് പ്രകൃതിചികിത്സാ-യോഗ സമ്പ്രദായത്തിൽ സ്വാഭാവിക പ്രസവം വാഗ്ദാനംചെയ്യുകയും അഞ്ചുമാസത്തെ ചികിത്സയ്ക്കൊടുവിൽ പ്രസവസമയത്ത് കുഞ്ഞ് മരിക്കാനിടയാവുകയും ചെയ്തെന്ന പരാതിയിൽ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. ചികിത്സച്ചെലവ് ഉൾപ്പടെ 6,24,937 രൂപ നഷ്ടപരിഹാരം നൽകാനാണ് വിധി. കുട്ടി മരിച്ചത് ചികിത്സിച്ചവരുടെ വീഴ്ചയാണെന്ന് കമ്മിഷൻ കണ്ടെത്തി.
മൂന്നു പ്രസവവും സിസേറിയൻ മുഖേനയായിരുന്നാലും സ്വാഭാവിക പ്രസവം നടക്കുമെന്നറിഞ്ഞാണ് നാലാമത്തെ പ്രസവത്തിന് പരാതിക്കാരി വാളക്കുളത്തുള്ള സ്പ്രൗട്ട്സ് ഇന്റർനാഷണൽ മെറ്റേർണി സ്റ്റുഡിയോ എന്ന സ്ഥാപനത്തിലെത്തിയത്.

സ്വാഭാവിക പ്രസവത്തിനു തടസ്സമില്ലെന്ന് പരിശോധിച്ചശേഷം പറഞ്ഞതിനാൽ അഞ്ചുമാസം സ്ഥാപനത്തിലെ ചികിത്സാരീതികൾ പിന്തുടർന്നു. പ്രസവവേദനയെത്തുടർന്ന് സ്ഥാപനത്തിലെത്തി. മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രസവിച്ചില്ല. അവശനിലയിലായ ഇവരെ പിന്നീട് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെവെച്ച് കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചു. ദീർഘകാലത്തെ ചികിത്സയ്ക്കുശേഷവും അവശനിലയിൽ തുടർന്നതിനാൽ പരാതിക്കാരി ഉപഭോക്തൃകമ്മിഷനെ സമീപിക്കുകയായിരുന്നു.

പരാതിക്കാരിയെയും ചികിത്സിച്ചവരെയും കമ്മിഷൻ വിചാരണചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞശേഷം സ്വാഭാവികരീതിയിലുള്ള പ്രസവം അപകടമാണെന്ന് അറിഞ്ഞുകൊണ്ടും മതിയായ സുരക്ഷാസംവിധാനമില്ലാതെയും ഒരു പ്രസവ വിദഗ്ധയുടെ മേൽനോട്ടമില്ലാതെയുമാണ് പ്രസവശുശ്രൂഷയ്ക്ക് ശ്രമിച്ചതെന്നു കമ്മിഷൻ കണ്ടെത്തി. ഇത്തരം പരീക്ഷണം നടത്താൻ പരാതിക്കാരിയുടെ രേഖാമൂലമുള്ള സമ്മതമുണ്ടായിരുന്നില്ല. സമാനമായ സംഭവങ്ങൾ ജില്ലയിൽ ആവർത്തിക്കുന്നതായും കമ്മിഷന് ബോധ്യമായി.

കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷനാണ് പരാതി പരിഗണിച്ചത്. വിധിപ്രകാരമുള്ള തുക ഒരുമാസത്തിനകം പരാതിക്കാരിക്കു നൽകണം. അല്ലാത്തപക്ഷം ഒൻപതുശതമാനം പലിശസഹിതം നൽകണമെന്നാണ് വിധി.

pathram desk 1:
Related Post
Leave a Comment