അപമാനിക്കാനല്ല; സ്ത്രീകളെക്കുറിച്ച് ഇത്ര അവമതിപ്പോടെ സംസാരിക്കുന്ന വേറേപാര്‍ട്ടിയില്ല-മുനീര്‍

കോഴിക്കോട്: ലിംഗസമത്വ യൂണിഫോമിനെതിരേയുള്ള പ്രസ്താവനയില്‍ വിശദീകരണവുമായി മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍. പാന്റും ഷര്‍ട്ടും പെണ്‍കുട്ടികള്‍ ധരിക്കുന്നതിന് എതിരായിട്ടല്ല താന്‍ പറഞ്ഞതെന്നും സുഖപ്രദം എന്താണോ അത് ധരിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും മുനീര്‍ പറഞ്ഞു. ലിംഗ സമത്വം ആണ്‍കോയ്മയില്‍ അധിഷ്ഠതമാകരുത്. അങ്ങനെയുള്ളതിനെ സമത്വമെന്ന് വിളിക്കാന്‍ പറ്റില്ലെന്നും ലിംഗ സമത്വം വരണമെങ്കില്‍ സ്ത്രീയേയും പുരുഷനേയും ഒരുപോലെ മാനിക്കണമെന്നും മുനീര്‍ പറഞ്ഞു.

ലിംഗ സമത്വത്തിന് അനുകൂലമാണെന്നാണ് കഴിഞ്ഞ ദിവസത്തെ പ്രസംഗത്തില്‍ പറഞ്ഞത്. യഥാര്‍ഥത്തില്‍ ലിംഗ നീതിയാണ് വേണ്ടത്.പുരുഷ മേധാവിത്വത്തെ സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഒരു ഉപാധിയായി ലിംഗ സമത്വം എന്ന വാക്കിനെ ദുരുപയോഗം ചെയ്യുന്നു എന്നതാണ് തന്റെ പരാതിയെന്നും മുനീര്‍ പറഞ്ഞു. ഒരു കേസ് സ്റ്റഡി പോലെ മാത്രമാണ് രണ്ട് വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചതെന്നും ഇത് ആരേയും അപമാനിക്കാനോ ചെറുതാക്കി കാണിക്കാനോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളില്‍ എല്ലാ തീരുമാനങ്ങളും സ്ത്രീകളെ കേന്ദ്രീകരിച്ചാണ്. പുരുഷന്‍മാരെ കേന്ദ്രീകരിച്ചുള്ള തീരുമാനങ്ങള്‍ ഉണ്ടാകുന്നില്ല. അതാണ് തന്നെ അലട്ടുന്ന പ്രശ്‌നം. ഇത് ലോകത്ത് പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. ഇതില്‍ ചര്‍ച്ച വരണമെന്നുള്ളതിനാല്‍ എതിര്‍പ്പുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇക്കാര്യം പറയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മതവിശ്വാസികളാണ് ഉള്ളത്. വളരെ ന്യൂനപക്ഷമായിട്ടുള്ള മതത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് വേണ്ടി പാഠപുസ്തകങ്ങള്‍ തയ്യാറാക്കുക എന്നത് രാഷ്ട്രീയ അജണ്ടയാണ്. പണ്ട് പാളിപോയ കാര്യം മറ്റൊരു രീതിയില്‍ കൊണ്ടുവരികയും അവസാനം മതനിഷേധത്തിലേക്ക് എത്തിക്കുകയുമാണെന്നും മുനീര്‍ ആരോപിച്ചു.

സ്ത്രീ എന്ന വിഭാഗത്തെ ഇത്രയും മോശമായി രീതിയില്‍ അവമതിപ്പോടെ സംസാരിക്കുന്ന വേറേ പാര്‍ട്ടിയില്ലെന്നും സിപിഎമ്മിനെ കുറ്റപ്പെടുത്തി മുനീര്‍ പറഞ്ഞു. കഴിഞ്ഞ തവണ സഭചേര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷ ബഹളമുണ്ടാക്കിയത് എംഎം മണിയുടെ സ്ത്രീവിരുദ്ധ നിലപാടിന്റെ പേരിലാണ്. വിധവയെ പോലും വെറുതെ വിടാത്ത ഭാഷയാണ് അവരുടേത്. വിജയരാഘവന്‍ മുമ്പ് രമ്യ ഹരിദാസിനെക്കുറിച്ച് പറഞ്ഞതും ജി സുധാകരന്‍ അരൂരില്‍ മത്സരിച്ച വനിതാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെക്കുറിയെ ഏത് രീതിയിലാണ് ചിത്രീകരിച്ചതെന്ന കാര്യവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതെല്ലാം ലിംഗ സമത്വത്തില്‍ അവര്‍ വിശ്വസിക്കുന്നതിന്റെ തെളിവാണോയെന്നും മുനീര്‍ ചോദിച്ചു. ഇതേ ആണ്‍കോയ്മ നിലപാടാണ് സിപിഎം സ്‌കൂളുകളിലും എടുക്കാന്‍ പോകുന്നതെന്നും മുനീര്‍ പറഞ്ഞു.

ലിംഗസമത്വമെന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം എം.എസ്.എഫിന്റെ വേര് കാമ്പയിന്‍ സമാപനസമ്മേളനത്തില്‍ പ്രഭാഷണത്തില്‍ മുനീര്‍ പറഞ്ഞത്.

‘മതമില്ലാത്ത ജീവന്‍ എന്നു പറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ മതനിഷേധത്തെ വീണ്ടും സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ഇനിമുതല്‍ സ്ത്രീക്കും പുരുഷനും ഒറ്റ ബാത്ത് റൂമേ ഉണ്ടാകൂ സ്‌കൂളുകളില്‍. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ്സിടീക്കുന്നത്? ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസുമിട്ടാല്‍ എന്താണ് കുഴപ്പം?’ – എന്നായിരുന്നു വിവാദ മുനീറിന്റെ പ്രസ്താവന

pathram:
Related Post
Leave a Comment