വ്യക്തിപരമായ നേട്ടമല്ല, എല്ലാ പാവപ്പെട്ടവരുടേയും നേട്ടം; ഏവർക്കും നന്ദിയറിയിച്ച് ദ്രൗപദി മുർമു

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തെത്തിയത് തന്റെ വ്യക്തിപരമായ നേട്ടമല്ലെന്നും ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്‍റെയും നേട്ടമാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യം തന്നിലര്‍പ്പിച്ച പ്രതീക്ഷക്ക് നന്ദി പറയുന്നു. ഓരോ ഇന്ത്യക്കാരുടെയും പ്രതീക്ഷകളുടേയും അഭിലാഷങ്ങളുടേയും അവകാശങ്ങളുടേയും പ്രതീകമായ പാര്‍ലമെന്റില്‍ നില്‍ക്കുമ്പോള്‍ എല്ലാവരോടും എളിമയോടെ നന്ദി അറിയിക്കുന്നു. എല്ലാവരുടേയും പിന്തുണയും വിശ്വാസവും പുതിയ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ശക്തിപകരുമെന്നും സ്ഥാനമേറ്റെടുത്തശേഷം രാഷ്ട്രപതി പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച രാജ്യത്തിന്റെ ആദ്യത്തെ രാഷ്ട്രപതിയാണ് താന്‍. സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാരില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ നിറവേറ്റാനുള്ള നമ്മുടെ ശ്രമങ്ങള്‍ വേഗത്തിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ സാധാരണക്കാരന് സ്വപ്നം കാണാന്‍ മാത്രമല്ല, സ്വപ്നങ്ങള്‍ നിറവേറ്റാനും കഴിയുമെന്നതിന്റെ തെളിവാണ് തന്റെ സ്ഥാനലബ്ധിയെന്നും രാഷ്ട്രപതി പറഞ്ഞു.

ദരിദ്രര്‍, ദളിതര്‍, ആദിവാസികള്‍, പിന്നോക്ക വിഭാഗക്കാര്‍ എന്നിങ്ങനെ വര്‍ഷങ്ങളായി വികസനം എത്താത്ത ജനവിഭാഗങ്ങള്‍ അവരുടെ പ്രതിനിധിയായി തന്നെ കാണുന്നത് സംതൃപ്തി നല്‍കുന്നുവെന്നും ദ്രൗപദി മുർമു പറഞ്ഞു. തന്റെ സ്ഥാനലബ്ധിക്ക് പിന്നില്‍ പാവപ്പെട്ടവരുടെ അനുഗ്രഹമുണ്ട്. രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് സ്ത്രീകളുടെ സ്വപ്നങ്ങളുടെയും കഴിവുകളുടെയും പ്രതിഫലനമാണത്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രഥമ പരിഗണന നല്‍കുമെന്നും അവര്‍ പറഞ്ഞു.

pathram:
Related Post
Leave a Comment