പരിയാരം: മങ്കിപോക്സിന്റെ ലക്ഷണങ്ങളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ശനിയാഴ്ച രാത്രി ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ സ്രവം പുണെയിലെ വൈറോളജി ലാബിൽ പരിശോധനക്കയച്ചിട്ടുണ്ട്. റിപ്പോർട്ട് തിങ്കളാഴ്ച വൈകിട്ടോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ആലപ്പുഴ ലാബിൽ പരിശോധനയ്ക്ക് സൗകര്യമുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് പുണെയിലേക്കുതന്നെ സ്രവം അയച്ചതെന്നും അധികൃതർ പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽ പരിശോധന തുടങ്ങി
മട്ടന്നൂർ: സംസ്ഥാനത്ത് വാനരവസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് പരിശോധന തുടങ്ങി. ജില്ലാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പുറത്തേക്കുവരുന്ന ടെർമിനലിൽ രണ്ട് കൗണ്ടറുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ശനിയാഴ്ച രാത്രിയാണ് പരിശോധന തുടങ്ങിയത്.
രോഗലക്ഷണമുള്ളവരെയും വാനരവസൂരി സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് വരുന്നവരെയും പ്രത്യേകം പരിശോധിക്കും. വിദേശത്തുനിന്ന് എത്തുന്നവർക്ക് ചോദ്യാവലി നൽകുന്നുണ്ട്. വരുന്ന രാജ്യം, രോഗലക്ഷണങ്ങൾ എന്നിവയെക്കുറിച്ച് ചോദ്യങ്ങളുണ്ടാകും.
രോഗം സംശയിക്കുന്നവരെ ആംബുലൻസിൽ ആസ്പത്രിയിലേക്ക് മാറ്റി സ്രവപരിശോധന നടത്തും. 24 മണിക്കൂറും വിമാനത്താവളത്തിൽ പരിശോധനയുണ്ടാകും.
Leave a Comment