സിപിഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻ്ററിൽ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ തലസ്ഥാനത്തെ ഡിയോ സ്കൂട്ടർ ഉടമകളെ പൊലീസ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആക്ഷേപം. ആക്രമണം സംബന്ധിച്ച അന്വേഷണം വഴിത്തിരിവിലെത്തി നിൽക്കുന്നുവെന്ന് പൊലീസ് പറയുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സംഭവം നടന്ന് ഒരാഴ്ച്ചയോട് അടുക്കുമ്പോഴും എഡിജിപിയും കമ്മീഷണറും നാലു ഡിവൈഎസ്പിമാരും അടക്കം 17 പേരടങ്ങുന്ന സംഘത്തിന് കേസില്‍ ഇതുവരേയും അറസ്റ്റിനു കഴിഞ്ഞില്ലെന്നുള്ളത് പൊലീസ് സേനയ്ക്ക് വലിയ നാണക്കേടാണ് സമ്മാനിച്ചിരിക്കുന്നത്. അന്വേഷണത്തിൽ എകെജി സെൻ്ററിലേക്ക് സ്ഫോടക വസ്തു അറിഞ്ഞത് ഡിയോ സ്കൂട്ടറിൽ എത്തിയ വ്യക്തിയാണെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഡിയോ സ്കൂട്ടർ ഉടമകളെ ശാരീരികവും മാനസികവുമായി പൊലീസ് ബുദ്ധിമുട്ടിക്കുന്നെന്ന വാർത്തകൾ പുറത്തുവരുന്നുത്.
അന്വേഷണത്തിൻ്റെ ഭാഗമായി തലസ്‌ഥാനത്തെ 1,400ല്‍ അധികം വരുന്ന ഡിയോ സ്‌കൂട്ടര്‍ ഉടമകളോടു പൊലീസ് സ്റ്റേഷനിൽ ഹാജരാകുവാൻ നിർദ്ദേശിച്ചിരിക്കുയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. വാഹനത്തിൻ്റെ ആര്‍സി ബുക്കുമായി അതത് പോലീസ് സ്‌റ്റേഷനുകളില്‍ ഹാജരാകണമെന്നാണ് നിർദ്ദേശം. പ്രസ്തുത നിർദ്ദേശത്തിനെതിരെ വാഹന ഉടമകളളിൽ നിന്നും പ്രതിഷേധങ്ങളും ഉയർന്നുതുടങ്ങിയിട്ടുണ്ട്. ഡിയോ സ്കൂട്ടറിൻ്റെ ഉടമയായതിനാൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട സാഹചര്യമാണ് പലരെയും പ്രതിഷേധത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
എന്തടിസ്ഥാനത്തിലാണു സ്കൂട്ടർ ഉടമകളോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. പൊലീസിന് അത്തരത്തിൽ സംശയമുണ്ടെങ്കിൽ ഡിയോ സ്കൂട്ടർ ഉടമകളുടെ വീടുകൾ സന്ദർശിച്ച് പരിശോധിക്കുകയാണ് വേണ്ടതെന്നും വാഹന ഉടമകൾ പറയുന്നു. പല വാഹനങ്ങളുടെയും ആർസി ബുക്കുകൾ വീട്ടുടമസ്ഥൻ്റെ ഭാര്യ, മകൻ, മകൾ എന്നിവരുടെ പേരിലായിരിക്കും. പലർക്കും ഇന്നും പോലീസ് സ്റ്റേഷനിൽ കയറുക എന്നുള്ളത് ഭയവുമായിരിക്കും. അങ്ങനെയുള്ളവരോട് പൊലീസ് സ്റ്റേഷനിൽ എത്താൻ പറയുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
മതമല്ല സ്ത്രീകളുൾപ്പെടെയുള്ള ആർസി ബുക്ക് ഉടമസ്ഥരെ പൊലീസ് സ്റ്റേഷനിൽ കയറ്റുന്ന നടപടിയും ഇപ്പോൾ വിവാദത്തിലായിട്ടുണ്ട്. തലസ്ഥാനനഗരിയിലെ പ്രമുഖ പൊലീസ് സ്റ്റേഷനിൽ എത്തുന്ന ഡിയോ സ്കൂട്ടർ ഉടമകളിൽ പലരും പൊലീസ് നടപടിയിൽ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥർക്കു മുന്നിൽ ആക്രമണം നടന്ന സമയത്ത് താൻ എവിടെയായിരുന്നു എന്നുള്ളതുൾപ്പെടെ വിവരങ്ങൾ പറഞ്ഞശേഷം തൻ്റെ വാഹനത്തിൻ്റെ ഫോട്ടോ സ്വന്തം മൊബൈലിൽ ചിത്രീകരിച്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കേണ്ടതുമുണ്ട്.
മുംബൈ ഭീകരാക്രമണം നടന്നപ്പോൾപ്പോലുമില്ലാത്ത അന്വേഷണ രീതികളാണ് എകെജി സെൻ്റർ ആക്രമണത്തിൽ പോലീസ് സ്വീകരിയ്ക്കുന്നതെന്നാണ് ഉയരുന്ന പരിഹാസം.
അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെക്കാൾ ഉയർന്ന റാങ്കിലുള്ള ഡിയോ സ്കൂട്ടർ ഉടമകളായ പല സർക്കാർ ഉദ്യോഗസ്ഥരും പൊലീസ് സ്റ്റേഷനിൽ ചെന്ന് ക്യൂ നിൽക്കേണ്ട അവസ്ഥയിലാണ്. ചെയ്യാത്ത തെറ്റിന് നിരപരാധി എന്നു ബോധിപ്പിക്കേണ്ട അവസ്ഥയാണ് തങ്ങൾക്കുള്ളതെന്നും പലരും പ്രതികരിച്ചു.
അതിസുരക്ഷാ മേഖലയിൽ, തലസ്ഥാന പൊലീസിൻ്റെ മൂക്കിൻ തുമ്പത്ത് നടന്ന ഒരു കുറ്റകൃത്യം ഏകദേശം ഒരാഴ്ചയായിട്ടും പൊലീസിന് കണ്ടുപിടിക്കാൻ സാധിച്ചില്ലന്നുള്ളത് ആഭ്യന്തരവകുപ്പിനെ നാണക്കേടിലേക്ക് തള്ളിയിട്ടതിനു പുറമേയാണ് പുതിയ ആരോപണങ്ങളും എത്തുന്നത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന അക്രമത്തിൻ്റെ പേരിൽ നാട്ടുകാരെ മുഴുവൻ പ്രതിസ്ഥാനത്തു നിർത്തുന്ന നടപടിയാണ് സിപിഎം നടത്തുന്നതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
ഇതിനിടെ എകെജി സെൻ്റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് നാടന്‍ പടക്കത്തിന് സമാനമായ സ്‌ഫോടക വസ്തുവെന്ന് പ്രാഥമിക ഫോറന്‍സിക് പരിശോധനാ ഫലം പുറത്തു വന്നിരുന്നു. ഉഗ്രസ്‌ഫോടന ശേഷിയില്ലാത്ത വസ്തുക്കളാണ് ഉപയോഗിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ഗണ്‍ പൗഡറിന്റെ അംശം മാത്രമാണ് ലഭിച്ചത്. പൊട്ടിത്തെറിച്ച സ്‌ഫോടക വസ്തുക്കളില്‍ ലോഹചിളുകളോ, കുപ്പി ചില്ലുകളോ ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവദിവസം എകെജി. സെൻ്ററിനു മുന്നിലൂടെ പതിനഞ്ചിലേറെ തവണ വന്നു പോയ വ്യക്‌തിയെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. സ്‌ഫോടക വസ്‌തു എറിഞ്ഞയാളെക്കുറിച്ച് പോലീസിന് ഏകദേശ ധാരണ ലഭിച്ചെന്നു പറയുമ്പോഴും ഡിയോ സ്കൂട്ടർ ഉടമകളെ എന്തിനാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നുള്ള ചോദ്യത്തിന് ഉത്തരമില്ല.
ആക്രമി ആരായാലും രാഷ്‌ട്രീയം നോക്കാതെ കസ്‌റ്റഡിയിലെടുക്കണമെന്നു മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം തലസ്‌ഥാനത്തെ തട്ടുകട ജീവനക്കാരനായ വ്യക്‌തി ദുരൂഹ സാഹചര്യത്തില്‍ എകെജി സെൻ്ററിനു മുന്നില്‍ പല തവണ എത്തിയിരുന്നുവെന്നും ഇയാളെ കസ്‌റ്റഡിയില്‍ എടുത്താൽ കുറ്റകൃത്യം സംബന്ധിച്ച് തുമ്പുകൾ ലഭിക്കുമെന്നുമാണ് പോലീസ് കരുതുന്നത്.
Leave a Comment