സിനിമ പരാജയപ്പെട്ടെങ്കിലും പ്രതിഫലം 25 ശതമാനം വർധിപ്പിച്ച് പ്രഭാസ്; ആദിപുരുഷിന് വാങ്ങുന്നത് 120 കോടി ? നിർമാതാക്കൾ ആശങ്കയിൽ

തെന്നിന്ത്യന്‍ താരം പ്രഭാസ് പുതിയ ചിത്രത്തിന് പ്രതിഫലം 25% വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന സിനിമയ്ക്കായാണ് പ്രതിഫലം വര്‍ധിപ്പിച്ചത്. 120 കോടിയോളം പ്രഭാസിന്റെ പ്രതിഫലം മാത്രമാണെന്നും തുടര്‍ന്ന് നിര്‍മാതാക്കള്‍ കടുത്ത ആശങ്കയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബാഹുബലിയുടെ വിജയത്തിന് ശേഷമാണ് പ്രഭാസ് പാന്‍ ഇന്ത്യന്‍ താരമായി ഉയര്‍ന്നത്. തുടര്‍ന്ന് ചെയ്ത സാഹോ സാമ്പത്തികമായി വിജയിച്ചുവെങ്കിലും പ്രേക്ഷകപ്രീതി കുറവായിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ രാധേ ശ്യാം പരാജയമായിരുന്നു. ഇതെല്ലാം നിര്‍മാതാക്കളുടെ ആശങ്കയ്ക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ട്.

രാമായണം പ്രമേയമാകുന്ന ചിത്രം ത്രീഡി രൂപത്തിലാണ് ഒരുക്കുന്നത്. സെയ്ഫ് അലി ഖാൻ ആണ് വില്ലനായി എത്തുന്നത്. നായിക ക്രിതി സനോൺ. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ത്രീഡി ചിത്രമായ ആദിപുരുഷ്.

ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമെന്ന വിശേഷണവുമായാണ് ആദിപുരുഷിന്റെ വരവ്. സിനിമയുടെ പ്രൊഡക്‌ഷൻ ചിലവ് തന്നെ 500 കോടിക്കു മുകളിലാണ്. മാർക്കറ്റിങിനും പബ്ലിസിറ്റിക്കും തുക വേറെ. വിഎഫ്എക്സ് കൂടുതലായി വേണ്ടിവരുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്‌ഷനിലാണ്.

കെജിഎഫ് സംവിധായകനായ പ്രശാന്ത് നീലിന്റെ സലാർ ആണ് പ്രഭാസിന്റെ അടുത്ത ചിത്രം. ശ്രുതി ഹാസൻ നായികയാകുന്ന സിനിമയിൽ അതിഥി വേഷത്തിൽ പൃഥ്വിരാജും എത്തുന്നു. സന്ദീപ് റെഡ്ഡിയുടെ സ്പിരിറ്റ്, മാരുതിയുടെ രാജ ഡീലക്സ് എന്നിവയാണ് പ്രഭാസിന്റെ മറ്റുപ്രോജക്ടുകൾ.

J

pathram desk 1:
Leave a Comment