വേണു​ഗോപാൽ കുഴഞ്ഞു വീണു; രാഹുലിനെ ചോദ്യം ചെയ്യുന്നു; ഡൽഹിയിൽ നാടകീയ രം​ഗ​ങ്ങൾ

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഡൽഹി ഓഫിസിലെത്തി. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. പ്രകടനവുമായി അണികളും നേതാക്കളും ഇഡി ഓഫിസിനു മുന്നിലെത്തിയിട്ടുണ്ട്. ഏറെ നാടകീയ രംഗങ്ങള്‍ക്കാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്.

കാല്‍നടയായാണ് രാഹുല്‍ എത്തിയത്. ഒപ്പമെത്തിയ പ്രവര്‍ത്തകരെയും നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ അഭിഭാഷകരെ ഉള്‍പ്പെടെ ഇഡി ഓഫിസിലേക്കു കടത്തിവിട്ടില്ല. കസ്റ്റഡിയിലെടുത്ത നേതാക്കളെ തുഗ്ലക്ക് റോഡ് സ്‌റ്റേഷനിലേക്കു മാറ്റി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

രാഹുല്‍ ഇഡിക്കു മുന്‍പില്‍ ഹാജരാകുന്നതിന്റെ മുന്നോടിയായി, കോണ്‍ഗ്രസ് ഇഡി ഓഫിസിലേക്കു മാര്‍ച്ച് നടത്തുന്നതു കണക്കിലെടുത്ത് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ ഏർപ്പെടുത്തി. എഐസിസി ആസ്ഥാനവും പൊലീസ് വലയത്തിലാണ്. അക്ബര്‍ റോഡിലേക്കുള്ള എല്ലാ പ്രവേശനകവാടവും പൊലീസ് അടച്ചു. ഓഫിസിലേക്കെത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കുന്നു.

രാഹുൽ ഇഡി ഓഫിസിലേക്ക് പോകുമ്പോൾ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ രാഹുലിനെ അനുഗമിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നേതാക്കള്‍ക്കൊപ്പം പോകുന്നതു ഡല്‍ഹി പൊലീസ് വിലക്കി. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണു പൊലീസിന്റെ തീരുമാനം.

എഐസിസി ആസ്ഥാനം സ്ഥിതി ചെയ്യുന്ന അക്ബര്‍ റോഡിനു മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. രാജ്യത്തെ എല്ലാ ഇഡി ഓഫിസുകള്‍ക്കു മുന്നിലും കോണ്‍ഗ്രസ് സത്യഗ്രഹ സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്തു വില കൊടുത്തും നേതാക്കള്‍ രാഹുലിനൊപ്പം പോകുമെന്നും ബിജെപി രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

വിദ്യാർത്ഥിനിയെ കോളേജ് ചെയർമാൻ പീഡിപ്പിച്ചു; വീഡിയോ കാമ്പസിൽ പ്രചരിപ്പിച്ചു

pathram:
Leave a Comment