മാസങ്ങളോളം ക്രൂര ലൈംഗിക പീഡനം; 45-കാരനെ 13-കാരി കൊന്നു

മാസങ്ങളോളം ക്രൂരമായി ബലാല്‍സംഗം ചെയ്ത 45-കാരനെ നിവൃത്തിയില്ലാതെ 13-കാരി കഴുത്ത് ഞെരിച്ചുകൊന്നു. തുടര്‍ന്ന് അറസ്റ്റിലായ പെണ്‍കുട്ടിയെ കോടതി ജുവനൈല്‍ ഹോമിലേക്ക് അയച്ചു. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം.

മാസങ്ങള്‍ നീളുന്ന ക്രൂരപീഡനമാണ് ഈ പതിമൂന്ന് വയസുകാരി നേരിട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നിലധികം പേര്‍ ചേര്‍ന്ന് മാസങ്ങളോളം ബലാത്സംഗം ചെയ്യുകയായിരുന്നു. സഹികെട്ട് അവരില്‍ ഒരാളെ അവള്‍ കൊലപ്പെടുത്തി. ഒടുവില്‍ ഇപ്പോള്‍ അവളെ ജുവനൈല്‍ ഹോമിലേക്ക് അയക്കാന്‍ വിധിയായി. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വിധി വലിയ ചര്‍ച്ചയ്ക്ക് വഴി വച്ചിരിക്കയാണ്. നിവൃത്തികേടുകൊണ്ട് ചെയ്തു പോയ കുറ്റത്തിന് പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചത് അന്യായമായെന്ന് അഭിപ്രായം ഉയരുന്നുണ്ട്. ആ പതിമൂന്ന് വയസ്സുകാരിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പലരും മുന്നോട്ട് വന്നിട്ടുണ്ട്.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. വിക്രം യാദവ് എന്ന 45 കാരന്‍ കഴിഞ്ഞ ആറോ ഏഴോ മാസമായി പെണ്‍കുട്ടിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു വരികയായിരുന്നു. മറ്റ് മൂന്ന് പേരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പെണ്‍കുട്ടിയെ ഇയാള്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഒടുവില്‍ സഹിക്കാന്‍ കഴിയാതെ മെയ് 17 ന് അവള്‍ വിക്രമിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിറ്റേന്ന് രാവിലെയാണ് മൃതദേഹം കണ്ടെടുത്തതെങ്കിലും, അതൊരു സ്വാഭാവിക മരണമാണെന്നാണ് അയാളുടെ കുടുംബം കരുതിയത്. എന്നാല്‍ കഴുത്തില്‍ ചില പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഇതോടെയാണ് പൊലീസിന് സംശയം ഉദിച്ചത്. മരിച്ചയാള്‍ വിവാഹിതനും 20 -കളില്‍ എത്തിനില്‍ക്കുന്ന രണ്ട് കൗമാരക്കാരുടെ അച്ഛനുമാണ്.

കൊലപാതകവുമായി ബന്ധപ്പെട്ട് പത്തോളം പേരെ ചോദ്യം ചെയ്‌തെങ്കിലും, പ്രത്യേകിച്ച് കാര്യമുണ്ടായില്ല. പിന്നീട്, കുറ്റകൃത്യം നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് അന്വേഷണം അയല്‍വാസിയായ അവളുടെ നേര്‍ക്ക് തിരിഞ്ഞത്. കീറിയ തുണിക്കഷണവും മറ്റ് ചില തെളിവുകളും അവളെ പ്രതിക്കൂട്ടിലാക്കി. ചോദ്യം ചെയ്യലില്‍ അവള്‍ നടന്നതെല്ലാം തുറന്ന് പറയുകയും, കുറ്റം സമ്മതിക്കുകയും ചെയ്തു.
അവള്‍ക്ക് ഒരു ആണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ഒരു ദിവസം അയല്‍വാസിയായ വിക്രമിന്റെ ഫോണ്‍ ഉപയോഗിച്ച് അവള്‍ അവനെ വിളിച്ചു. അവര്‍ തമ്മില്‍ സംസാരിച്ചതൊക്കെ ഫോണില്‍ റെക്കോര്‍ഡായി. ഈ സംഭാഷണം കേട്ട വിക്രം അതുപയോഗിച്ച് അവളെ ഭീഷണിപ്പെടുത്താനും, ബലാത്സംഗം ചെയ്യാനും തുടങ്ങി. ഏഴ് മാസത്തോളം ഇത് തുടര്‍ന്നു.

അതിനിടയില്‍ ഗ്രാമത്തിലെ മറ്റ് മൂന്ന് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും അവളെ അയാള്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ പീഡനം സഹിക്കവയ്യാതെ അയാളെ കൊല്ലാന്‍ താന്‍ പദ്ധതിയിട്ടതായാണ് അവള്‍ മൊഴിനല്‍കിയത്. മെയ് 17 -ന് രാത്രി കാണണമെന്ന് അവള്‍ അയാളോട് ആവശ്യപ്പെട്ടു. അയാളുടെ വീടിന്റെ സമീപത്തേക്ക് അവള്‍ അര്‍ദ്ധരാത്രി ചെന്നു. അയാള്‍ ആ സമയം മദ്യലഹരിയിലായിരുന്നു. കൈയിലുണ്ടായിരുന്ന തുണി കഴുത്തില്‍ ചുറ്റി, കഴുത്ത് ഞെരിച്ച് അയാളെ കൊന്നുവെന്നാണ് 13-കാരിയുടെ മൊഴി. കൂട്ടബലാത്സംഗത്തിന് നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും, കേസിലെ മറ്റ് പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.
അതേസമയം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ അവളെ ജുവനൈല്‍ ഹോമില്‍ അടക്കുകയും ചെയ്തു. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നത്. സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ച ബലാല്‍സംഗ ഇരയെ ജയിലിലടക്കുന്നത് അനീതിയാണെന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നത്.

key words: 45-year-old-man-brutally-raped-for-months-by-13-year-old-strangled-to-death

pathram:
Related Post
Leave a Comment