കൊച്ചുമകളെ പീഡിപ്പിച്ചതിന് കേസ്: ഉത്തരാഖണ്ഡ് മുന്‍ മന്ത്രി ജീവനൊടുക്കി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുന്‍ മന്ത്രി രാജേന്ദ്ര ബഹുഗുണയെ (59) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വീടിനു സമീപം നിര്‍മിച്ച വെള്ള ടാങ്കില്‍ കയറി സ്വയം വെടിവെച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. തന്റെ മകളെ പീഡിപ്പിച്ചെന്നാരോപിച്ച്, മരുമകള്‍ പരാതിനല്‍കി മൂന്നു ദിവസത്തിന് ശേഷമാണ് സംഭവം. ബഹുഗുണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു.

സംഭവത്തിന് മുമ്പ്, 112 എന്ന അടിയന്തര നമ്പറില്‍ പോലീസിനെ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോവുകയാണന്ന് അദ്ദേഹം അറിയിച്ചു. പോലീസ് വീട്ടിലെത്തുമ്പോഴേക്കും ബഹുഗുണ ടാങ്കിന് മുകളില്‍ കയറിയിരുന്നു. പോലീസ് എത്തി താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആളുകള്‍ നോക്കിനില്‍ക്കേ തോക്കെടുത്ത് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന രാജേന്ദ്ര ബഹുഗുണ 2004-05 കാലത്ത് എന്‍.ഡി. തിവാരി മന്ത്രിസഭയില്‍ ഗതാഗത സഹമന്ത്രിയായിരുന്നു.

കൊച്ചുമകളെ പീഡിപ്പിച്ച കേസിന് പുറമെ മറ്റൊരു കേസ് കൂടി ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ച് അയല്‍വാസിയായ സ്ത്രീ നല്‍കിയ പരാതിയിലാണ് കേസ്. ഭീഷണിപ്പെടുത്തിയെന്നും അക്രമിച്ചെന്നും അയല്‍വാസി ആരോപിച്ചിട്ടുണ്ട്.

ഇതിനിടെ ആത്മഹത്യാ പ്രേരണയ്ക്ക് രാജേന്ദ്ര ബഹുഗുണയുടെ മരുമകളുടെ പേരിലും കേസെടുത്തിട്ടുണ്ട്.

pathram:
Leave a Comment