പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കും

ന്യൂഡൽഹി: രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയും. കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് പണപ്പെരുപ്പം വർധിച്ച സാഹചര്യത്തിലാണ് ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര എക്സൈസ് നികുതി പെട്രോൾ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

ഇതോടെ പെട്രോൾ വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഒരു വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡി നൽകും എന്നും ധനമന്ത്രി വ്യക്തമാക്കി. നേരത്തെ പല ഘട്ടങ്ങളിലായി നിർത്തലാക്കിയ സബ്സിഡിയാണ് ഇപ്പോൾ വീണ്ടും പുനഃസ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.
പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി കുറയ്ക്കുന്നതോടെ ഒരു ലക്ഷം കോടിരൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കേന്ദ്ര നീക്കത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്നും സാധാരണ ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭ്യമാക്കണമെന്നും കേന്ദ്ര സർക്കാർ അഭ്യർഥിച്ചു.

എല്ലാ സംസ്ഥാനങ്ങളും, പ്രത്യേകിച്ച് 2021 ഡിസംബറിൽ നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാനങ്ങൾ ഇപ്പോൾ നികുതി കുറയ്ക്കണമെന്ന് ധനമന്ത്രി അഭ്യർഥിച്ചു. പാചകവാതക വില കുറയുന്നത് അമ്മമാർക്കും സഹോദരിമാർക്കും ആശ്വാസമാകും. പാചകവാതക വില റെക്കോർഡ് ഉയരത്തിലെത്തിയ സാഹചര്യത്തിൽ ദുരിതം ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ നടപടിക്കാവും. പാചകവാതക സബ്സിഡി 6100 കോടിയുടെ വരുമാന നഷ്ടമാണ് കേന്ദ്ര സർക്കാരിന് ഉണ്ടാക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

pathram desk 1:
Leave a Comment