പോലീസുകാരുടെ മരണം; മൃതദേഹം ഉന്തുവണ്ടിയിൽ അരക്കിലോമീറ്റർ ദൂരെ കൊണ്ടിട്ടു

പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി. രണ്ടാം ബറ്റാലിയനിലെ രണ്ട് പോലീസുകാര്‍ ഷോക്കേറ്റുമരിച്ച സംഭവത്തില്‍ പന്നിക്ക് വൈദ്യുത കെണി വെച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. മുട്ടിക്കുളങ്ങര വാര്‍ക്കാട് തോട്ടക്കര വീട്ടില്‍ സുരേഷിനെയാണ് (49) ഹേമാംബിക നഗര്‍ പോലീസ് അറസ്റ്റുചെയ്തത്. സുരേഷിനെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 304 വകുപ്പുപ്രകാരമാണ് കേസെടുത്തത്. നരഹത്യ, തെളിവുനശിപ്പില്‍, വൈദ്യുതി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. ഹേമാംബികനഗര്‍ ഇന്‍സ്‌പെക്ടര്‍ എ.സി. വിപിന്റെ നേതൃത്വത്തില്‍ സുരേഷിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു.

സുരേഷ് വീട്ടുപറമ്പില്‍ കാട്ടുപന്നിയെ പിടികൂടാനായി ഒരുക്കിയ വൈദ്യുത കെണിയില്‍, മീന്‍ പിടിക്കാന്‍ അതുവഴിയിറങ്ങിയ പോലീസുകാര്‍ കുടുങ്ങിയെന്നാണ് പോലീസ് കണ്ടെത്തല്‍. കാട്ടുപന്നിയെ വൈദ്യുത കെണിവെച്ച് പിടികൂടിയതിന് സുരേഷിനെതിരേ 2016ല്‍ വനംവകുപ്പ് കേസെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വിചാരണ നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

കെ.എ.പി. ക്യാമ്പിലെ ഹവില്‍ദാര്‍മാരായ എലവഞ്ചേരി കുമ്പളക്കോട് കുഞ്ഞുവീട്ടില്‍ മാരിമുത്തുവിന്റെ മകന്‍ അശോക് കുമാര്‍ (35), തരൂര്‍ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടില്‍ പരേതനായ കെ.സി. മാങ്ങോടന്റെ മകന്‍ എം. മോഹന്‍ദാസ് (36) എന്നിവരാണ് ഷോക്കേറ്റുമരിച്ചത്. വ്യാഴാഴ്ചരാവിലെ ഒമ്പതുമണിയോടെ ക്യാമ്പിന് പിറകുവശത്തുള്ള വയലിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരുവരുടെയും മരണകാരണം ഷോക്കേറ്റതാണെന്ന് വ്യക്തമായിരുന്നു.

ബുധനാഴ്ച വൈകീട്ട് സുരേഷ് പന്നിയെ പിടികൂടാനായി വീടിന് സമീപമുള്ള വാഴത്തോട്ടത്തില്‍ വൈദ്യുത കെണി സ്ഥാപിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പുലര്‍ച്ചെ ഒന്നരയോടെ കെണിയില്‍ പന്നി കുടുങ്ങിയതായി സംശയിച്ച് നോക്കാനെത്തിയപ്പോഴാണ് രണ്ടുപേര്‍ കുടുങ്ങി മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന്, വൈദ്യുതി ഓഫ് ചെയ്ത് മരിച്ചവരില്‍ ഒരാളെ എടുത്തുകൊണ്ടുപോയി വാഴത്തോട്ടത്തിനോട് ചേര്‍ന്നുള്ള മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വയലിലിട്ടതായി സുരേഷ് സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ഭാരക്കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ മോഹന്‍ദാസിനെ ഒറ്റചക്രമുള്ള ഇരുമ്പ് കൈവണ്ടിയില്‍ കയറ്റി വയലില്‍ മറ്റൊരിടത്തും കൊണ്ടിടുകയായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. കൃത്യത്തിനുപയോഗിച്ച ഇരുമ്പ് വണ്ടിയും, കണക്ഷന്‍ കൊടുക്കാനുപയോഗിച്ച വയറും, കെണിവയ്ക്കാനുപയോഗിച്ച ഇരുമ്പുകമ്പിയും സുരേഷിന്റെ വീടിന്റെ പരിസരത്തുനിന്ന് കണ്ടെടുത്തു.

ഷഹന ചായ കുടിക്കാറില്ല മുറിക്കകത്ത് ചായ കുടിച്ച രണ്ട് കപ്പുകള്‍… കൊലപാതമെന്ന ആരോപമത്തില്‍ ഉറച്ച് ബന്ധുക്കള്‍

അതേസമയം ഷോക്കേറ്റുമരിച്ച പോലീസുകാരുടെ മൃതദേഹങ്ങളിലൊന്ന് സംഭവസ്ഥലത്തുനിന്ന് വയലില്‍ എത്തിച്ചത് അരക്കിലോമീറ്ററോളം ദൂരം പിന്നിട്ട്. അശോകന്റെ മൃതദേഹം താങ്ങിക്കൊണ്ടുപോയി പാടത്ത് ഇട്ടശേഷം ഇരുമ്പിന്റെ ഒറ്റച്ചക്രമുള്ള ഉന്തുവണ്ടിയിലാണ് മോഹന്‍ദാസിന്റെ മൃതദേഹം പാടവരമ്പിലൂടെ കൊണ്ടുപോയിട്ടത്.

മുട്ടിക്കുളങ്ങര കെ.എ.പി. ക്യാമ്പിന്റെ ചുറ്റുമതിലിനോടുചേര്‍ന്നാണ് അറസ്റ്റിലായ സുരേഷിന്റെ വീട് നില്‍ക്കുന്ന പറമ്പുള്ളത്. പുതുമഴ പെയ്തതിനാല്‍ മീനോ, തവളയോ പിടിക്കാനാണ് പോലീസുകാരായ അശോക് കുമാറും മോഹന്‍ദാസും രാത്രി പോയതെന്നാണ് പോലീസ് പറയുന്നത്. ക്യാമ്പിന്റെ മതില്‍ ചാടിക്കടന്ന് സുരേഷിന്റെ പറമ്പിലൂടെ വയലിന്റെ ഭാഗത്തേക്ക് പോകുന്നതിനിടെ ഇരുവരും അബദ്ധത്തില്‍ വൈദ്യുത കെണിയിലേക്ക് വീണതായാണ് നിഗമനം. ഇരുവരുടെയും കൈകളുടെ തോളിന്റെ ഭാഗത്താണ് ഷോക്കേറ്റിട്ടുള്ളത്. ഇത് വൈദ്യുതി പ്രവഹിക്കുന്ന കമ്പിയിലേക്ക് വീണപ്പോള്‍ സംഭവിച്ചതാണെന്നാണ് പോലീസ് കരുതുന്നത്.

രാത്രിയില്‍ ഇടയ്ക്ക് ഉറക്കമുണര്‍ന്ന സുരേഷ്, കാട്ടുപന്നിക്കുള്ള കെണി നോക്കാന്‍ ചെന്നു. മീറ്ററിലെ ബള്‍ബുകള്‍ കൂടുതല്‍ തെളിച്ചത്തില്‍ മിന്നിക്കെടുന്നതും കെണി നോക്കാന്‍ പ്രേരിപ്പിച്ചു. സ്ഥലത്തെത്തിയപ്പോഴാണ് രണ്ടുപേരെ കെണിയില്‍ മരിച്ചനിലയില്‍ കണ്ടത്. പരിഭ്രാന്തിയിലായ സുരേഷ് ഉടനടി വീട്ടില്‍നിന്ന് വലിച്ച വൈദ്യുതലൈന്‍ ഓഫ് ചെയ്ത് മൃതദേഹങ്ങള്‍ വയലിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് സുരേഷ് ഇവിടെ താമസിക്കുന്നത്. വീട്ടുകാരോട് സംഭവം സുരേഷ് പറഞ്ഞിരുന്നോ എന്നതില്‍ വ്യക്തതവരാനുണ്ട്. മൃതദേഹങ്ങള്‍ മാറ്റാന്‍ ആരുടെയെങ്കിലും സഹായം തേടിയിരുന്നോ എന്നതും അന്വേഷിച്ചുവരികയാണെന്ന് അന്വേഷണച്ചുമതലയുള്ള ഹേമാംബിക നഗര്‍ ഇന്‍സ്‌പെക്ടര്‍ എ.സി. വിപിന്‍ പറഞ്ഞു.

വീട്ടില്‍നിന്നുതന്നെയാണ് സുരേഷ് വൈദ്യുത കെണിയിലേക്ക് കണക്ഷന്‍ നല്‍കിയിരുന്നതെന്നാണ് പോലീസ് കണ്ടെത്തല്‍. രണ്ടുപേര്‍ കെണിയില്‍ കുടുങ്ങിയിട്ടും വീടിന്റെ ഫ്യൂസ് പോകാതിരുന്നത് സംശയത്തിന് ഇടനല്‍കുന്നുണ്ട്. ഇതേപ്പറ്റി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു. നിലവില്‍ വൈദ്യുതിമോഷണം നടത്തിയല്ല കെണിയൊരുക്കിയതെന്ന നിഗമനത്തിലാണ് പോലീസ്.

പോലീസുകാര്‍ കൊണ്ടുപോയിരുന്ന ടോര്‍ച്ചും കിറ്റും കുടയും മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

pathram:
Leave a Comment