അന്നുരാത്രി റിഫ സന്തോഷത്തോടെയാണ് സംസാരിച്ചത്; മെഹ്നാസ് സഹകരിക്കാത്തതിൽ ദുരൂഹതയെന്ന് കുടുംബം

കാക്കൂർ: ”തൂങ്ങിമരണമാണെങ്കിലും അതിന് തക്കതായ ഒരു കാരണം ഉണ്ടാവുമല്ലോ? വെറുതെ ഒരാൾപോയി തൂങ്ങി മരിക്കുകയൊന്നും ചെയ്യില്ലല്ലോ? അപ്പോ അതിന് എന്താണ് കാരണമെന്ന് പുറത്തുവരട്ടെ…”-യൂട്യൂബർ റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനോടുള്ള മാതാവ് ഷെറീനയുടെ പ്രതികരണം ഇങ്ങനെ.

”ഭർത്താവ് മെഹ്നാസിനൊപ്പമാണ് റിഫ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ മകൾക്ക് എന്താണ് സംഭവിച്ചതെന്ന് മെഹ്നാസ് പറയണം…”-ഷെറീനയുടെ വാക്കുകൾ. പോലീസ് അന്വേഷണത്തിൽ തൃപ്തരാണെന്ന് കുടുംബം പറയുന്നു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോലീസ് അന്വേഷണവുമായി മെഹ്നാസ് സഹകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് റിഫയുടെ പിതാവ് റാഷിദ് പറഞ്ഞു. തൂങ്ങിമരണമാണെങ്കിലും ഒരു കാരണവും കാരണക്കാരനും ഉണ്ടാവും. അത് കണ്ടെത്താനുള്ള ശ്രമം തുടരും. കൂടുതൽ പരിശോധനാഫലങ്ങൾ വരുന്നതോടെ അതിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷയെന്നും റാഷിദ് പറഞ്ഞു.

ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ രാത്രിയിൽ വീട്ടിലേക്ക് വിളിച്ചപ്പോൾ സന്തോഷത്തോടെയാണ് റിഫ ഫോണിൽ സംസാരിച്ചതെന്ന് കുടുംബം പറയുന്നുണ്ട്. കൂടാതെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയെന്ന് കളവു പറഞ്ഞതും, കബറടക്കാൻ തിടുക്കം കൂട്ടിയതുമെല്ലാം സംശയം ബലപ്പെടുത്തുന്നതായും കുടുംബം ആരോപിക്കുന്നു.

റിഫയെ മെഹ്നാസ് തങ്ങളുടെ മുൻപിൽവെച്ചുപോലും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും, ഇയാൾ ലഹരി ഉപയോഗിക്കാറുണ്ടെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നുണ്ട്.

ദുബായിൽനിന്ന് റിഫയുടെ മൃതദേഹത്തെ അനുഗമിച്ച് നാട്ടിലെത്തിയ മെഹ്നാസ് കബറടക്കത്തിന് ശേഷം അന്നുതന്നെ റിഫയുടെ ഫോൺ ഉൾപ്പെടെയുള്ള എല്ലാവസ്തുക്കളുമായി സ്വദേശമായ കാസർകോട്ടേക്ക് പോയതിലും കുടുംബം സംശയം പ്രകടിപ്പിക്കുന്നുണ്ട്. പിന്നീട് ഇതുവരെ മകനെപ്പോലും അന്വേഷിച്ചിട്ടില്ലെന്നും പറയുന്നു.

സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായാണ് രണ്ടു വയസ്സുള്ള മകനെ നാട്ടിൽ മാതാപിതാക്കൾക്കൊപ്പം നിർത്തി റിഫ ദുബായിൽ ജോലിക്കായി പോകുന്നത്. നാട്ടിലേക്ക് വിളിക്കുമ്പോഴെല്ലാം മാതാപിതാക്കളോട് ഇക്കാര്യത്തെക്കുറിച്ച് പറയാറുള്ളതായും ഇരുവരും പറഞ്ഞു. അതുകൊണ്ടുതന്നെ മകൾ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് റാഷിദും ഷെറീനയും.

pathram desk 1:
Related Post
Leave a Comment