നാട്ടുവൈദ്യന്റെ കൊലപാതകം; ഷൈബിന്റെ ഭാര്യ മുൻകൂർ ജാമ്യം തേടി

കൊച്ചി: കർണ്ണാടക സ്വദേശിയായ നാട്ടുവൈദ്യൻ ഷാബ ഷെറീഫിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഷൈബിൻ അഷറഫിന്റെ ഭാര്യ ഫസ്നയും ജീവനക്കാരനായ മുൻ എ.എസ്.ഐ.സുന്ദരനും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് സി.ജയചന്ദ്രൻ സർക്കാരിന്റെയടക്കം വിശദീകരണം തേടി.

നിലമ്പൂർ പോലീസ് തന്നെ ഇതിനോടകം രണ്ടുതവണ ചോദ്യം ചെയ്തുവെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഫസ്നയും 2020 നവംബർ മുതൽ ഷൈബിന്റെ താൽക്കാലിക ജീവനക്കാരനായിരുന്നുവെന്നും ഷാബ ഷെറീഫിന്റെ മരണവുമായി യാതൊരു ബന്ധവുമില്ലെന്നും സുന്ദരനും മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു.

അതേസമയം നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് കൊലപാതകക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ മൂന്നു പ്രതികളെ കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി നിലമ്പൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ ഏഴുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്.

ഷൈബിനെ കൂടാതെ ഷൈബിന്റെ മാനേജർ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുത്തൊടിക നിഷാദ് (32) എന്നിവരെയും കസ്റ്റഡിയിൽവിട്ടു. ചൊവ്വാഴ്ച ഉച്ചയോടെ കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ വൈകുന്നേരം മൂന്നരയോടെ നിലമ്പൂർ സ്റ്റേഷനിലെത്തിച്ചു. തിരിച്ചറിയൽ പരേഡ് ആവശ്യമുള്ളതിനാൽ ഷൈബിൻ അഷ്റഫിനെയും ഷിഹാബുദീനെയും മുഖാവരണം ധരിപ്പിച്ചാണ് കോടതിയിലും പോലീസ് സ്റ്റേഷനിലും എത്തിച്ചത്. തുടർന്ന് നിലമ്പൂർ സി.ഐ. പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യംചെയ്തു.

ചൊവ്വാഴ്ച മുതൽ പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഷാബാ ഷെരീഫിനെ മാസങ്ങളോളം തടങ്കലിൽ പാർപ്പിച്ച് മർദിച്ച് കൊന്ന് വെട്ടിനുറുക്കി പുഴയിൽ ഒഴുക്കിയ കേസിൽ ഷൈബിനാണ് മുഖ്യപ്രതി. ഇയാളെ കൂടുതൽ ചോദ്യംചെയ്യുന്നതോടെ നിർണായകതെളിവു കിട്ടുമെന്നാണ് പോലീസ് കരുതുന്നത്. ഷൈബിനെതിരേ ഉയർന്ന മറ്റു കൊലപാതക പരാതികളും അന്വേഷിച്ചേക്കും. റിമാൻഡിലുള്ള മറ്റൊരു പ്രതി കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽവാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.

നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊന്ന കേസിലെ പ്രതികളായ ഷൈബിൻ അഷ്റഫ്, ഷിഹാബുദ്ദീൻ, നിഷാദ് എന്നിവരെ പോലീസ് മഞ്ചേരി കോടതിയിൽ ഹാജരാക്കുന്നു.

pathram desk 1:
Related Post
Leave a Comment