എഫ്‌ഐആറില്‍ പേരില്ല, പക്ഷേ വീട്ടില്‍ സിബിഐ റെയ്ഡ്; വിമര്‍ശിച്ച് പി ചിദംബരം

ഡല്‍ഹിയിലെയും ചെന്നൈയിലെയും തന്റെ വീടുകളില്‍ സിബിഐ പരിശോധന നടത്തിയതായി സ്ഥിരീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടിലെ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു സിബിഐ നടപടി. തന്റെ പേരില്ലാത്ത എഫ്‌ഐആര്‍ കാണിച്ചാണ് റെയ്ഡ് നടത്തിയതെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു. അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം അറിയിച്ചു.

പി ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെ, കാര്‍ത്തി ചിദംബരം പണം വാങ്ങി ചൈനീസ് പൗരന്‍മാര്‍ക്ക് വിസ ലഭ്യമാക്കുന്നതില്‍ ഇടപെട്ടെന്നാണ് ആരോപണം. 2011ല്‍ 250 ചൈനീസ് പൗരന്മാര്‍ക്ക് വിസ സൗകര്യമൊരുക്കാന്‍ 50 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പുതിയ കേസ്. 2010 നും 2014 നും ഇടയില്‍ നടന്ന വിദേശ പണമിടപാടില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കാര്‍ത്തിക്കെതിരെ തിരച്ചില്‍ നടക്കുകയാണ്. നേരത്തെ, സിബിഐ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്‌സ് മീഡിയ എന്ന കമ്പനി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ച കേസ് നിലനില്‍ക്കുന്നുണ്ട്. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുന്നുള്ളൂ. റെയ്ഡ് നടന്നതിന്റെ കണക്കുകള്‍ തെറ്റിയെന്നും, എണ്ണം നോക്കിയാല്‍ ഇത് റെക്കോര്‍ഡ് ആവാന്‍ സാധ്യതയുണ്ടെന്നും സിബിഐ റെയ്ഡിനെ പരിഹസിച്ച് കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.

pathram:
Related Post
Leave a Comment