കുരങ്ങൻമാർക്ക് എവിടെയെങ്കിലും വോട്ട് ഉണ്ടോ..? എന്നിട്ടും അവർക്ക് ഭക്ഷണം കൊടുക്കുന്നില്ലേ..? ഒരിക്കലും ജയിക്കാത്ത പാലായില്‍ ജയിച്ചില്ലേ? കോടിയേരി

തൃക്കാക്കരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ കണക്കൊന്നും നോക്കണ്ട. കണക്കേ നോക്കാന്‍ പാടില്ല. ഇതൊരു പുതിയ തിരഞ്ഞെടുപ്പാണ്. എല്ലാവരേയും സമീപിക്കുമെന്നും എല്ലാവരുടേയും വോട്ടുവാങ്ങുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃക്കാക്കരയില്‍ വികസനം വേണമെന്ന് പറയുന്നവരും വികസനം മുടക്കികളും തമ്മിലുള്ള സമരമാണ് നടക്കാന്‍ പോകുന്നതെന്നും വികസനം വേണമെന്ന് പറയുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുകതന്നെ ചെയ്യും. അദ്ദേഹം പറഞ്ഞു.

“വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ ആരെങ്കിലും ജയിക്കുമെന്ന് പറഞ്ഞിരുന്നോ? വോട്ടെണ്ണി നോക്കിയപ്പോള്‍ ഇടതുപക്ഷം ജയിച്ചില്ലേ? ഒരിക്കലും ജയിക്കാത്ത പാലായില്‍ ജയിച്ചില്ലേ? കോന്നി, ഇടതുപക്ഷത്തിന് കിട്ടാത്ത സ്ഥലമാണ്. അവിടെ ജയിച്ചില്ലേ? രാഷ്ട്രീയ സ്ഥിതിഗതികളില്‍ വരുന്ന മാറ്റമാണ് ഇലക്ഷനില്‍ പ്രതിഫലിക്കുക. രാഷ്ട്രീയ സ്ഥിതി നമുക്കനുകൂലമാണ്”, കോടിയേരി പറഞ്ഞു.

കുരങ്ങന്‍മാര്‍, അവര്‍ക്ക് എവിടെയെങ്കിലും വോട്ടുണ്ടോ? നമ്മുടെ സര്‍ക്കാര്‍ കുരങ്ങന്മാര്‍ക്ക് ഭക്ഷണം കൊടുക്കുന്നു. അവര്‍ക്ക് വോട്ടുണ്ടോയെന്ന് നോക്കിയിട്ടല്ല ഭക്ഷണം കൊടുത്തത്. ഇവിടെ എല്ലാ ജീവജാലങ്ങളുടേയും സംരക്ഷണം, പരിസ്ഥിതി സംരക്ഷണം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ സാമ്പത്തികമായി വിഭവമില്ല. അതിന് പരിഹാരം കാണാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കിഫ്ബി പദ്ധതിക്ക് രൂപംകൊടുത്തു. ആ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞു, നടക്കാനേ പോകുന്നില്ലെന്ന്. പക്ഷേ യാഥാര്‍ഥ്യമായില്ലേ? 50,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. 70,000 കോടി രൂപയുടെ പദ്ധതിയാണ് ഇതുവരെ നടപ്പാക്കിയിരിക്കുന്നത്.

നടപ്പാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ പദ്ധതി നടപ്പാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചില്ലേ? ഇവിടെ പലകാര്യങ്ങള്‍ക്കും പണം കണ്ടെത്താന്‍ സാധിക്കണമെങ്കില്‍ ഇത്തരത്തില്‍ മാത്രമേ സാധിക്കൂ. കേന്ദ്രം പണം തരില്ല. മറ്റ് തരത്തില്‍ പണം സമാഹരിക്കുന്നില്ലെങ്കില്‍ കേരളം മുരടിച്ചുപോകും. അങ്ങനെ വന്നാല്‍ ജനങ്ങളെ എതിരായി തിരിച്ചുവിടാം എന്നാണ് എതിരാളികള്‍ കരുതുന്നത്. അതിനുള്ള അവസരം കൊടുക്കാന്‍ പാടില്ലെന്നാണ് ഇടതുപക്ഷത്തിന്റെ തീരുമാനമെന്നും കോടിയേരി പറഞ്ഞു.

pathram:
Leave a Comment