കൊച്ചി: ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി വഞ്ചിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. അഞ്ചു പൈസ പോലും ആര്‍ക്കും കൊടുക്കാനില്ലെന്നും കേസില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ധര്‍മ്മജന്‍ പറഞ്ഞു.
‘അഞ്ചു പൈസ പോലും ആര്‍ക്കും കൊടുക്കാനില്ല. ആരോടും കടമില്ല. എന്റെ കൂട്ടുകാര്‍ പണം കൊടുക്കാനുണ്ടെങ്കില്‍ അവര്‍ കൊടുക്കുക തന്നെ വേണം. പക്ഷെ പണംകൊടുക്കാനുണ്ടെന്ന് തെളിയിക്കപ്പെടണം. കൊടുത്തതിനും വാങ്ങിയതിനും രേഖയുണ്ടാകും.’ എന്നായിരുന്നു ധര്‍മ്മജന്റെ പ്രതികരണം.
യാതൊരു ഉടമ്പടിയോ രേഖയോ ഇല്ലാതെ ആരും ഇത്ര വലിയ തുക വെറുതെ കൊടുക്കില്ലെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. അഞ്ച് രൂപയെങ്കിലും താന്‍ വാങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പലിശയടക്കം കൊടുക്കാന്‍ തയ്യാറാണ്. ആരെങ്കിലും എന്തെങ്കിലും പൈസ വാങ്ങിയെന്നതിന്റെ തെളിവുമായി വരട്ടെയെന്നും വന്നാല്‍ അത് കൊടുക്കാന്‍ ബാധ്യസ്ഥനാണെന്നും ധര്‍മ്മജന്‍ പറഞ്ഞു. ധര്‍മ്മൂസ് ഫിഷ് ഹബ്ബുമായി വ്യവഹാരപരമായി ബന്ധമില്ലെന്നും ധര്‍മ്മജന്‍ വിശദീകരിച്ചു. ധര്‍മ്മൂസ് ഹബ്ബിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണ് താനെന്നാണ് നടന്റെ വിശദീകരണം. ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നല്‍കിയ ശേഷം സാമ്പത്തികമായി വഞ്ചിച്ചെന്ന പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ധര്‍മ്മജന്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ആസിഫ് അലിയാര്‍ എന്നയാളാണ് പരാതിക്കാരന്‍. ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ കോതമംഗലത്തെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് തന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയില്‍ പറയുന്നത്. പലപ്പോഴായി ധര്‍മ്മജനുള്‍പ്പെടെയുള്ള പ്രതികള്‍ 43 ലക്ഷം രൂപ വാങ്ങിയെന്നും പരാതിക്കാരന്‍ പറയുന്നു. 2019 നവംബര്‍ 16 നാണ് ഫ്രാഞ്ചൈസി തുടങ്ങിയത്. മാര്‍ച്ച് മാസത്തോടെ മത്സ്യ വിതരണം നിര്‍ത്തി. പിന്നീട് പണം തിരികെ തന്നില്ല. വിശ്വാസ വഞ്ചന കാണിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതിക്കാരന്‍ കോടതിയെ സമാപിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തില്‍ എപിസി 406, 402, 36 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
Leave a Comment