പി.സി.ജോര്‍ജിന് ഉപാധികളോടെ ജാമ്യം; വിവാദ പരാമര്‍ശം പാടില്ലെന്ന് കോടതി

മതവിദ്വേഷപ്രസംഗ കുറ്റത്തില്‍ മുൻ എം.എൽ.എ പി.സി.ജോർജിന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുത്, വിവാദ പരാമര്‍ശം പാടില്ലെന്ന് കോടതി നിര്‍ദേശം. ജോർജിന്‍റെ പ്രസംഗം മതസ്പർധ വളർത്തുന്നതെന്ന് ബോധ്യമായതിനാൽ സ്വമേധയ എടുത്ത കേസെന്നാണ് എഫ്. ഐ. ആറിൽ വ്യക്തമാക്കിയിരുന്നു.

വിദ്വേഷപ്രസംഗത്തെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം നന്ദാവനം എ.ആര്‍ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജിനെ സ്വന്തം വാഹനത്തില്‍ പൊലീസ് തിരുവനന്തപുരത്തെത്തിക്കുകയായിരുന്നു. എആര്‍ ക്യാപില്‍ ജോര്‍ജുമായെത്തിയ പൊലീസിന്‍റെ വാഹനവ്യൂഹത്തിനുനേരെ പ്രതിഷേധവുമായി ഡിവഐഎഫ്ഐ പ്രവര്‍ത്തകര്‍ എത്തി. കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. വാഹനവ്യൂഹത്തിനുനേരെ വഴിയില്‍വച്ച് DYFI പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. വട്ടപ്പാറയില്‍ ജോര്‍ജിന് പിന്തുണയുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. വിദ്വേഷ പ്രസംഗത്തില്‍ ജോര്‍ജിനെതിരെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.

pathram desk 2:
Leave a Comment