ആ പരാമര്‍ശം പിന്‍വലിക്കുന്നു; മനസിലുള്ളതല്ല പറഞ്ഞപ്പോള്‍ വന്നത്; പിസി ജോര്‍ജ്

അറസ്റ്റ് തീവ്രവാദികള്‍ക്കുള്ള പിണറായിയുടെ സമ്മാനം; യൂസഫലിയെ കുറിച്ച് പറഞ്ഞതിൽ തിരുത്ത്. തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണ് തന്റെ അറസ്‌റ്റെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് ആരോപിച്ചു. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പി.സി.ജോര്‍ജ് ആവർത്തിച്ചു. മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ പി.സി.ജോര്‍ജ്, ജാമ്യം ലഭിച്ചതിനു ശേഷമാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിവാദപ്രതികരണങ്ങള്‍ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. മഹാരാജാസ് കോളജില്‍ അഭിമന്യു കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തീവ്രവാദികളുമായി പിണങ്ങിയതെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.

പരാമര്‍ശം ആരെയും വേദനിപ്പിക്കുന്നതല്ല. തീവ്രവാദം കൊണ്ട് നടക്കുന്നവര്‍ക്കാകും നൊന്തത്. മതവിദ്വേഷം ഇല്ലെന്ന് കണ്ടല്ലേ കോടതി വെറുതേ വിട്ടത്. പിണറായിയും കോണ്‍ഗ്രസും തീവ്രവാദികളുടെ പിന്തുണയ്ക്കാണ് നടക്കുന്നത്. തീവ്രവാദികള്‍ക്കു വേണ്ടി സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കുകയാണ്. അറിഞ്ഞ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാനാണ് ശ്രമിച്ചത്.

എം.എ.യൂസഫലിയെക്കുറിച്ചു പറഞ്ഞതില്‍ മാത്രം തിരുത്തുണ്ട്. മനസിലുള്ള ആശയവും പറഞ്ഞതും രണ്ടായിപ്പോയി. ചെറുകിട വ്യാപാരികള്‍ക്കു വേണ്ടിയാണ് സംസാരിച്ചതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പൂഞ്ഞാറിലെ വീട്ടിലേക്കു മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പം മടങ്ങി. ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെ അറസ്റ്റു ചെയ്ത് തിരുവനന്തപുരത്തെ നന്ദാവനം എആര്‍ ക്യാംപില്‍ എത്തിച്ച പി.സി.ജോര്‍ജിനെ വഞ്ചിയൂരിലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

English keywords: PC George says he stood firm in his statements, after getting bail

pathram desk 2:
Related Post
Leave a Comment