ഷവർമയിൽനിന്ന് ഭക്ഷ്യവിഷബാധ: മൂന്നു പേർ ഐസിയുവിൽ, ഒരു കുട്ടിയുടെ നില ഗുരുതരം

ചെറുവത്തൂർ: കാസർകോട് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായവരില്‍ മൂന്ന് പേരെ പരിയാരം മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. കാസർകോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന ചെറുവത്തൂരിലെ കൂൾബാർ സന്ദർശിച്ചു.

വിദേശത്തുള്ള കൂൾ ബാർ ഉടമയ്ക്കെതിരെയുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഉടമയെ പ്രതി ചേർക്കും. രണ്ടു പേർ കേസിൽ പിടിയിലായി. മൂന്നാമതൊരാൾ ഒളിവിലാണ്. ഐഡിയല്‍ ഫുഡ്‌പോയിന്റ് എന്ന സ്ഥാപനത്തിൽ ഷവർമ ഉണ്ടാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരൻ ഉള്ളാളിലെ അനസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മനപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കരിവെള്ളൂർ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപം പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകൾ ഇ.വി.ദേവനന്ദ (16) ആണു മരിച്ചത്.

ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് 12.30ന് എ.വി.സ്മാരക സ്‌കൂളിലും തുടര്‍ന്ന് പെരളം ഇഎംഎസ് മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്കുശേഷം വെള്ളൂരില്‍. മൃതദേഹം കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലാണുള്ളത്.

pathram desk 1:
Related Post
Leave a Comment