പങ്കാളിത്തപെന്‍ഷന്‍ ഒഴിവാക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍: പെന്‍ഷന്‍ പഴയപടിയാകും

ന്യൂഡല്‍ഹി: പങ്കാളിത്തപെന്‍ഷന്‍ ഒഴിവാക്കി പഴയ പെന്‍ഷന്‍പദ്ധതിയിലേക്കുമടങ്ങാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യപടിയായുള്ള തീരുമാനം.

പഴയ പെന്‍ഷന്‍പദ്ധതി നടപ്പാക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം ഉത്തരവിറക്കി. ഛത്തീസ്ഗഢ് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ച തീരുമാനം വൈകാതെ ഉത്തരവായി ഇറങ്ങും.

തമിഴ്നാട്, ഝാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവയാണ് പഴയ പദ്ധതിയിലേക്ക് മടങ്ങാനൊരുങ്ങുന്ന മറ്റുസംസ്ഥാനങ്ങള്‍. അതേസമയം, പെന്‍ഷന്‍ പരിശോധനാസമിതി റിപ്പോര്‍ട്ടുസമര്‍പ്പിച്ചിട്ടും ഇതുവരെയും കേരള സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

പുതിയ പെന്‍ഷന്‍പദ്ധതി അവലോകനം ചെയ്യാന്‍ നിയോഗിച്ച സമിതി ആറുമാസംമുമ്പ് റിപ്പോര്‍ട്ടുസമര്‍പ്പിച്ചെങ്കിലും കേരളത്തില്‍ ധനവകുപ്പ് പരിശോധന പൂര്‍ത്തിയാക്കിയിട്ടില്ല. ധനവകുപ്പിന്റെ ശുപാര്‍ശകൂടി പരിഗണിച്ചശേഷം ഇക്കാര്യത്തില്‍ മന്ത്രിസഭ തീരുമാനമെടുക്കേണ്ടതുണ്ടെന്ന് ഉന്നതോദ്യോഗസ്ഥന്‍ ‘മാതൃഭൂമി’യോടുപറഞ്ഞു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമവും വികസനവും ലക്ഷ്യമിട്ടാണ് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോത്ത് പറഞ്ഞു. വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള മാസത്തെ ശമ്പളത്തിന്റെ 50 ശതമാനം തുക പെന്‍ഷനായി ലഭിക്കുന്നതാണ് പഴയ പദ്ധതിയുടെ സവിശേഷത.

ഇതിന്റെ ചുവടുപിടിച്ചാണ് ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ നീക്കം. നടപ്പുസാമ്പത്തികവര്‍ഷംതന്നെ പദ്ധതി നടപ്പാക്കാനാണ് മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിട്ടുള്ള നിര്‍ദേശം. തമിഴ്നാട്, പഞ്ചാബ്, ഝാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാരുകളാവട്ടെ പഴയ പെന്‍ഷന്‍ പദ്ധതിയിലേക്കു മടങ്ങാനുള്ള ആവശ്യം പരിശോധിക്കാനായി പ്രത്യേകസമിതികളും രൂപവത്കരിച്ചിട്ടുണ്ട്.

അതേസമയം കേരളത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനഘട്ടത്തില്‍ രൂപവത്കരിച്ചതാണ് പ്രത്യേക സമിതി. പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കി പഴയ രീതിയിലേക്കു മടങ്ങണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഈ തീരുമാനം. എന്നാല്‍, റിപ്പോര്‍ട്ടുനല്‍കി ആറുമാസമായിട്ടും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

2004 ജനുവരി ഒന്നുമുതലാണ് കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്. 2013 ഏപ്രില്‍മുതലാണ് കേരളം പുതിയ പദ്ധതിയിലേക്കുമാറിയത്.

pathram:
Related Post
Leave a Comment