യുവതിയെ മദ്യം നൽകി പീഡിപ്പിച്ച ശേഷം കവർച്ച, പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിയും; യുവാവ് അറസ്റ്റിൽ

എടപ്പാൾ : യുവതിയെ മദ്യം നൽകി പീഡിപ്പിച്ച ശേഷം സ്വർണാഭരണം കവരുകയും പീഡനദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ബന്ധുവായ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസിനെ (22) ആണ് അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സ്റ്റേഷൻ പരിധിയിലെ 22 വയസ്സുള്ള യുവതിയെ പ്രണയം നടിച്ച് ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചത്. ബിരുദ വിദ്യാർഥിനിയാണ് യുവതി. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.

തുടർന്ന് സ്വർണമാല നൽകണമെന്നും ഇല്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തി മാല പൊട്ടിച്ചെടുത്തു. പിന്നീട് ദൃശ്യങ്ങൾ പെൺകുട്ടിയുടെ അടുത്ത ബന്ധുവായ യുവതിക്ക് അയച്ചുകൊടുത്തു. ഇവരോട് തനിക്കു വഴങ്ങണമെന്നും ഇല്ലെങ്കിൽ പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണി തുടർന്നതോടെ ബന്ധുക്കൾ ചങ്ങരംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നിർദേശപ്രകാരം എസ്ഐ ഹരിഹര സൂനുവിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ നിർദേശിച്ചതനുസരിച്ച് ബന്ധുവായ യുവതി വിളിച്ചതിനെ തുടർന്ന് കാണാനെത്തിയ യുവാവ് പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.

സീനിയർ സിപിഒ സനോജ്, സിപിഒ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ പീഡനം നടന്ന ലോഡ്ജിൽ എത്തിച്ച് തെളിവെടുപ്പു നടത്തി. ഇയാളുടെ മൊബൈൽ ഫോണും കാറും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒട്ടേറെ പെൺകുട്ടികളുടെ ചിത്രങ്ങൾ ഇയാളുടെ ഫോണിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നും ഇയാൾ സമാനമായ രീതിയിൽ മറ്റു പെൺകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചു വരികയാണെന്നും എസ്ഐ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

pathram desk 1:
Related Post
Leave a Comment